ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം അത് തിരിച്ചറിയണം. എന്നാൽ പ്രശ്നമുണ്ടെന്നും അതേസമയം പ്രശ്നമില്ലെന്നും പറഞ്ഞാലോ? ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ വിചിത്രമായ പ്രസ്താവനയാണ് ഇപ്പോൾ രാഷ്ട്രീയരംഗത്തും സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നത്. 'ബിഹാറിൽ ക്രൈമുണ്ട്, പക്ഷേ അപരാധങ്ങളില്ല' എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകാതെ പ്രതിപക്ഷം പരിഹാസവുമായി രംഗത്തെത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബിഹാർ. ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുകൾ മാത്രമാണിത്. യഥാർഥത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്ന വിലയിരുത്തലുമുണ്ട്. സംസ്ഥാനത്ത് ക്രിമിനൽ കേസുകൾ വർധിക്കുന്നതും നിയമപാലനത്തിലെ വീഴ്ചകളും ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
'ക്രൈം', 'അപരാധം' എന്നീ വാക്കുകൾകളെ വേർതിരിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇതോടെ പരാമർശം ഏറ്റെടുത്ത് രാഷ്ട്രീയ ജനതാദൾ രംഗത്തെത്തി.
മുഖ്യമന്ത്രിക്കു ചുറ്റുമിരിക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ പോലും ആശയക്കുഴപ്പത്തിലായിട്ടുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പരിഹസിച്ചു. മുഖ്യമന്ത്രി തങ്ങളെ പ്രശംസിക്കുകയാണോ അതോ പരിഹസിക്കുകയാണോ എന്ന് അവർക്കുപോലും മനസ്സിലായിട്ടില്ലെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ബിജെപി നേതാക്കളോട് മാധ്യമപ്രവർത്തകർ ചോദിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പരാമർശത്തിന്റെ അർഥം വിശദീകരിക്കാൻ കഴിയാതെ പലരും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളിൽ കാണാം.