ബിഹാറിലെ പട്നയിൽ നടന്ന പൊതുപരിപാടിക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിനിടയിൽ സദസ്സിൽ നിന്ന് പ്രതിഷേധവും വാഗ്വാദവുമുണ്ടായി. ബീഹാർ മുൻ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിങിന്റെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കവെയാണ് സംഭവം. വോട്ടുകൊള്ള നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടതാണ് സദസ്സിൽ തർക്കത്തിന് കാരണമായത്. മോദി എവിടെയും പോകില്ലെന്നും ഉള്ളിടത്തുതന്നെ ഉണ്ടാകുമെന്നും സദസ്സിൽ നിന്ന് ഒരാൾ മറുപടി വിളിച്ചുകൂവിയതോടെ ഖാർഗെ പ്രകോപിതനാകുകയായിരുന്നു.
തുടർന്ന് വേദിയിൽ വെച്ച് രൂക്ഷമായ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. മോദിയല്ല, മോദിയുടെ അച്ഛൻ പോലും പോകുമെന്നായിരുന്നു ഖാർഗെയുടെ മറുപടി. യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാർഗെയുടെ പ്രസംഗത്തിനിടെ എതിർപ്പ് പ്രകടിപ്പിച്ച വ്യക്തിയെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തതോടെ രംഗം കൂടുതൽ വഷളായി. ഇത് വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷന്റെ ഭാഷ അതിരുകടന്നതാണെന്നും തികച്ചും മ്ലേച്ഛമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്നും ബി.ജെ.പി. നേതൃത്വം ആരോപിച്ചു. തുടർച്ചയായ പരാജയങ്ങളിൽ നിന്നുള്ള അസ്വസ്ഥതയാണ് കോൺഗ്രസ് നേതാക്കളുടെ വാക്കുകളിൽ പ്രകടമാകുന്നതെന്നും രാഷ്ട്രീയ വിമർശനങ്ങൾക്ക് അപ്പുറം വ്യക്തിപരമായി പിതാവിനെ അടക്കം അധിക്ഷേപിക്കുന്ന നിലയിലേക്ക് കോൺഗ്രസ് അധഃപതിച്ചുവെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.