കൊച്ചി ചേരാനല്ലൂരിൽ ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ മൊഴി പുറത്ത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലെ അഡീഷണൽ ജഡ്ജിയുടെ മകനായ പ്രതിയുടെ മൊഴി മനോരമ ന്യൂസിന് ലഭിച്ചു. വാഹനം ഓടിക്കാനുള്ള കൊതികൊണ്ടാണ് കാറെടുത്തതെന്നാണ് പ്രതിയുടെ വിശദീകരണം. ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് കാർ എടുത്തതെന്നും വീട്ടുകാർ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. മഴയായിരുന്നതിനാൽ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
ആലുവയിലെ ഫ്ലാറ്റിൽ മൂന്നാം നിലയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ പാർക്ക് ചെയ്തിരുന്ന കാർ വീട്ടുകാർ അറിയാതെ എടുത്ത ശേഷം കളമശ്ശേരി- ഇടപ്പള്ളി വഴി ചേരാനല്ലൂർ ഭാഗത്തേക്ക് വരികയായിരുന്നു. ചേരാനല്ലൂർ ടോൾ ബൂത്തിന് സമീപത്ത് വച്ച് വാഹനം തിരിച്ച് വീണ്ടും ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഇടത് വശത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിൽ ബെൻസ് കാർ ശക്തമായി ഇടിച്ചത്. ALSO READ: ‘ബെന്‍സിന്റെ മുന്‍വശത്ത് തലയിടിച്ചുകയറിയ പാട്, നിങ്ങളെന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്ന് ജഡ്ജി’
എറണാകുളം ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ 2.20ഓടെ ചിറ്റൂരിലെ തട്ടുകടയിലെ ജോലി കഴിഞ്ഞ് പറവൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ പിന്നിൽനിന്നാണ് ഇടിച്ചത്. അപകടത്തിനു പിന്നാലെ ജഡ്ജി റിനോ ഫ്രാൻസിസ് നടത്തിയ പ്രതികരണം വേദനിപ്പിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി മനോരമ ന്യൂസിനോട് പറഞ്ഞു. തന്നെ ആരും ചോദ്യം ചെയ്യേണ്ടെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ALSO READ: കൊച്ചിയിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം ...
അതേസമയം, മകൻ കാർ ഓടിക്കുന്ന വിവരം അറിയില്ലായിരുന്നുവെന്നും പുലർച്ചെ വാഹനം എടുത്തുപോകുന്നത് ശ്രദ്ധിച്ചില്ലെന്നുമാണ് റിനോ ഫ്രാൻസിസ് പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മോട്ടോർ വാഹന നിയമപ്രകാരം വാഹന ഉടമയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാം. അതിനാല്‍ അപകടവുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഫോറൻസിക് വിഭാഗവും മോട്ടോർ വാഹന വകുപ്പും പരിശോധിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങളും ഉത്തരവാദിത്തവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പ്രതി പൊലീസ് കസ്റ്റഡിയിലാണ്.