പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി ഗവര്‍ണറുടെ അപൂര്‍വ നടപടി. രാജേന്ദ്ര അര്‍ലേക്കറാണ് സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുന്‍പ് നിര്‍ണായക നീക്കം നടത്തിയത്. പരീക്ഷാത്തട്ടിപ്പ് സ്ഥിരീകരിച്ചെന്നും തട്ടിപ്പ് നടത്തിയവരെ പി.എസ്.സി സംരക്ഷിക്കുന്നുവെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് സഹിതമാണ് ഗവര്‍ണറുടെ ശുപാര്‍ശ. Also Read: കൊച്ചിയിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വ നീക്കമാണ് രാജേന്ദ്ര അര്‍ലേക്കര്‍ നടത്തിയത്. പി.എസ്.സി ഭരണസമിതിയേയും മുന്‍ പിണറായി വിജയന് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക്. ചെയര്മാന് എം.ആര്.ബൈജുവിനെയും ഭരണസമിതി അംഗങ്ങളെയും ഒന്നടങ്കം പിരിച്ചുവിടണമെന്നാണ് ശുപാര്‍ശ. സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുന്‍പായിരുന്നു അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചത്. എല്‍.ഡി.എഫ് കാലത്തെ പി.എസ്.സി പരീക്ഷകളില്‍ വ്യാപക തട്ടിപ്പെന്ന് ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ആര്.എസ്. ശശികുമാറും ഉള്‍പ്പടെയുള്ളവരും പരാതികള്‍ നല്കി. പരാതികളെല്ലാം പരിശോധിച്ച അര്‍ലേക്കര്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി.
പി.എസ്.സി തട്ടിപ്പ് അന്വേഷിക്കുന്ന ഐ.ജി അജിത ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പി.എസി.സിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടായിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ തട്ടിപ്പ് സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകളുണ്ടാകുമെന്നും അറിയിച്ചു. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ പി.എസ്.സി സംരക്ഷിക്കുന്നതായും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോപിച്ചു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് ഗവര്‍ണറെത്തിയത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുന്നത്. ചെയര്‍മാനടക്കം മുഴുവന്‍ അംഗങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചവരാണ്. മൂന്നര വര്‍ഷത്തിലേറെ കാലാവധി അവശേഷിക്കുന്നതിനാല്‍ യു.ഡി.എഫ് സര്‍ക്കാരിന് നേരിട്ട് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ നീക്കത്തെ അനുകൂലിക്കുന്ന സമീപനമാവും സംസ്ഥാന സര്‍ക്കാരിന്റേത്. രാഷ്ട്രപതിയുടെ തീരുമാനത്തിലേക്കാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.