പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വാഹനം സസ്പെൻഷനിലുള്ള മുൻ ഗൺമാൻമാർ ദുരുപയോഗം ചെയ്തതായി സ്ഥിരീകരിച്ച് ഇന്റലിജൻസ് അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തന മർദനക്കേസിൽ സസ്പെൻഷനിലായ അനിൽകുമാറും സന്ദീപും ഔദ്യോഗിക കാറിൽ യാത്ര ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. Also Read: വിമാന ഇന്ധനനികുതി കുറച്ച് തമിഴ്നാട്; വിജയ്ക്ക് കയ്യടിച്ച് കേന്ദ്രം
ഇരുവരെയും കൊച്ചിയിൽവെച്ച് യാദൃച്ഛികമായി കണ്ടപ്പോൾ ലിഫ്റ്റ് നൽകിയതാണെന്നായിരുന്നു ഡ്രൈവർ ഷിനോജിന്റെ വിശദീകരണം. എന്നാൽ ഈ മൊഴി വിശ്വസനീയമല്ലെന്നും ഇരുവരും പിണറായി വിജയന്റെ ഔദ്യോഗിക വാഹനം ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നതായും ഇന്റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്ച പിന്നിട്ടിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
മുൻ ഗൺമാൻ അനിൽകുമാർ കാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതല്ലെന്നും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ലിഫ്റ്റ് നൽകിയതാണെന്നുമാണ് ഡ്രൈവർ ഷിനോജ് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം.
എറണാകുളത്ത് പിണറായി വിജയന് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ ഡ്രൈവർ ഔദ്യോഗിക കാറുമായി നേരത്തേ പുറപ്പെട്ടിരുന്നു. പിണറായി ട്രെയിനിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പരിപാടി റദ്ദാക്കിയതോടെ അദ്ദേഹം എറണാകുളത്തേക്ക് എത്തിയില്ല. തുടർന്ന് താൻ ഒറ്റയ്ക്ക് തിരികെ വരുന്നതിനിടെ അനിൽകുമാറിന് ലിഫ്റ്റ് നൽകുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി.
എന്നാൽ, കാറിൽ അനിൽകുമാർ മാത്രമല്ല ഉണ്ടായിരുന്നതെന്നും രക്ഷാപ്രവർത്തന മർദനക്കേസിൽ പ്രതിയായ മറ്റൊരു സസ്പെൻഷനിലുള്ള മുൻ ഗൺമാൻ സന്ദീപും ഒപ്പമുണ്ടായിരുന്നുവെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക വാഹനം ഇരുവരും ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നതായും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.