പി.എസ്.സി പരീക്ഷാത്തട്ടിപ്പില്‍ മൂന്ന് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. 2019നും 2023നും ഇടയില്‍ നടന്ന മൂന്ന് പരീക്ഷകളില്‍ കൂടി തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച്. PSC ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ക്കും. പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മൂന്ന് പിഎസ്സി പരീക്ഷകളിൽ കൂടി തട്ടിപ്പ് നടന്നു എന്നുള്ളതാണ് ക്രൈംബ്രാഞ്ച് എസ്ഐടിയുടെ പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിക്കുന്നത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് ഓഫീസര്‍ പരീക്ഷ, ഖാദി ബോര്‍ഡിലെ ഇന്‍സ്പെക്ടര്‍ പരീക്ഷ, എന്നിവയിലാണ് നിയമന തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്നത്. ഇതില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയിലെ 100 ചോദ്യങ്ങളില്‍ 47 ചോദ്യങ്ങളും ഒരു ഗൈഡില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
ഈ ഗൈഡ് ചില ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പഠിക്കുകയും അവര്‍ക്ക് നിയമനം കിട്ടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തു എന്നുള്ളതാണ് ഒരു കണ്ടെത്തല്‍. ഖാദി ബോർഡ് പരീക്ഷയെഴുതി ഒരാള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. പിഎസ്സി ഉദ്യോഗസ്ഥന്റെ ബന്ധുവിനാണ് നിയമനം കിട്ടിയതെന്നും എസ്ഐടി കണ്ടെത്തി.
അതുപോലെ ഫിഷറീസ് വകുപ്പിലെ പരീക്ഷയിലെ പ്രധാനപ്പെട്ട പ്രശ്നം നിയമനം ലഭിച്ച നാല്പത്തിരണ്ടിൽ മുപ്പത്തിയെട്ട് പേരും കുഫോസ് സർവകലാശാലയിൽ നിന്നുള്ളവരാണ് എന്നതായിരുന്നു. കുഫോസിലെ അധ്യാപകര്‍ തന്നെയാണ് ചോദ്യങ്ങളും തയാറാക്കിയിരുന്നത്. ഇവിടെയും ഒത്തുകളി നടന്നു എന്നുള്ളതാണ് ഇപ്പോള്‍ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.