വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (ATF) മൂല്യവർധിത നികുതി (VAT) കുറച്ച് തമിഴ്നാട് സർക്കാർ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെ വിജയ് സര്‍ക്കാര്‍ നടത്തിയ നീക്കം വിമാനക്കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ്. തീരുമാനത്തിന് മുഖ്യമന്ത്രി വിജയിയെ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു അഭിനന്ദിച്ചു.
Also read: ഐഫോണിന് നികുതിയടക്കില്ല; വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവാവിനെതിരെ കേസ്
ചെന്നൈ വിമാനത്താവളത്തിൽ നികുതി 29 ശതമാനത്തിൽനിന്നും 16 ശതമാനമായാണ് കുറച്ചത്. മറ്റ് വിമാനത്താവളങ്ങളിൽ 29ല്‍ നിന്നും ഒരു ശതമാനമാക്കിയാണ് താഴ്ത്തിയത്. വ്യോമയാന മേഖലയ്ക്ക് ആശ്വാസം നല്കുന്ന നടപടിയാണെന്ന് റാം മോഹന്‍ നായിഡു പ്രതികരിച്ചു. വിമാനയാത്ര ചെലവുകുറഞ്ഞതാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും യാത്രക്കാരുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവില്‍ വലിയൊരു പങ്കും ഇന്ധനത്തിനാണ് വേണ്ടിവരുന്നത്.
മൊത്തം പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെ വരുന്ന ഇന്ധനച്ചെലവ് നിലവിൽ 55 മുതൽ 60 ശതമാനം വരെയായി ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക–ഇറാന് യുദ്ധത്തെത്തുടർന്നും കഴിഞ്ഞ ഫെബ്രുവരി മുതൽ വിമാന ഇന്ധനവില തുടർച്ചയായി ഉയരുകയാണ്. ഇതുകൂടാതെ രൂപയുടെ മൂല്യത്തകർച്ചയും പാക്കിസ്ഥാൻ വ്യോമപാത അടച്ചതുമെല്ലാം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ചില സർവീസുകൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നതും ഇന്ധനച്ചെലവ് വർധിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ നികുതി ഇളവ്.
നികുതി കുറയ്ക്കാനുള്ള തീരുമാനം വിമാനയാത്ര സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതിനും കാരണമാകുമെന്ന് തമിഴ്നാട് വ്യവസായമന്ത്രി എസ്.കീർത്തന പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് ടിവികെ സർക്കാർ ഇതുസംബന്ധിച്ച മൂന്ന് ഗസറ്റ് വിജ്ഞാപനങ്ങൾ പുറത്തിറക്കിയത്. 2027 ഒക്ടോബർ 31 വരെ ഒരു വർഷത്തേക്കാണ് ഇത് പ്രാബല്യത്തിലുണ്ടാകുക. ഈ നീക്കത്തിലൂെട വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയുകയും വിമാനടിക്കറ്റ് നിരക്കുകളിൽ ആശ്വാസമുണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.