വിദേശത്തുനിന്ന് കൊണ്ടുവന്ന പുതിയ ഐഫോൺ 18 പ്രോയ്ക്ക് നികുതിയടക്കണമെന്ന കസ്റ്റംസ് നിർദ്ദേശത്തിനെതിരെ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശി അജാസ് മുഹമ്മദിനെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. തൻ്റെ സ്വകാര്യ ആവശ്യത്തിനായി കൊണ്ടുവന്ന ഫോണിന് നികുതി അടയ്ക്കാനാകില്ല എന്നായിരുന്നു അജാസിന്റെ വാദം.
എന്നാൽ ഈ വാദം കസ്റ്റംസ് തള്ളി. കുറച്ചുകാലമെങ്കിലും സ്വന്തമായി ഉപയോഗിച്ച ഫോണിന് മാത്രമാണ് നികുതി ഒഴിവാക്കി നൽകാറുള്ളതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. റജിസ്റ്റർ ചെയ്യാത്ത പുത്തൻഫോണുമായാണ് അജാസ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. ഇയാൾ സ്വന്തമായി ഉപയോഗിക്കുന്ന മറ്റൊരു ഐഫോണും കൈവശമുണ്ടായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനാണ് അജാസിനെതിരെ കേസെടുത്തിട്ടുള്ളത്.
ENGLISH SUMMARY:
A Kozhikode native named Ajas Muhammad staged a sit-in protest at the Kochi airport after customs officials demanded customs duty for a brand new iPhone 18 Pro he brought from abroad. Ajas argued that the phone was for personal use and refused to pay the tax, but officials clarified that tax exemptions only apply to devices that have been actively used for a period of time. Since he arrived with an unregistered brand-new phone alongside his existing personal device, customs rejected his plea. Consequently, Nedumbassery police registered a case against him for obstructing official duty.