മൂന്നുപേരുടെ ജീവൻ നഷ്ടമാകുന്ന അപകടമുണ്ടായിട്ടും നെടുമ്പാശേരി വിമാനത്താവള റോഡിലെ യാത്രക്കാരുടെ അമിതവേഗത്തിന് കുറവില്ല. 70 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാമെന്നിരിക്കെ പലരുടെയും പോക്ക് ഇരട്ടി വേഗതയിലാണ്. വേഗപൂട്ടിടാൻ ഈ പാതയിൽ പൊലീസും മോട്ടാർ വാഹന വകുപ്പുമില്ല. മനോരമ ന്യൂസ് അന്വേഷണം
അത്താണി മുതൽ വിമാനത്താവളം വരെയുള്ള ഈ 5 കിലോമീറ്റർ പാത റേസിങ് ട്രാക്ക് ആണോയെന്ന് തോന്നുംവിധത്തിലാണ് വാഹനങ്ങളുടെ ചീറിപ്പായല്‍. അനുവദനീയ വേഗതയിലല്ല ഈ കുതിപ്പ് എന്ന് ഉറപ്പ്. നിയമം പാലിച്ച് വാഹനം ഓടിക്കുന്നവരുമുണ്ട്.
Also read: നെടുമ്പാശ്ശേരി അപകടം; പൊലിഞ്ഞത് വേദികളിൽ താളവിസ്മയം തീർത്ത പ്രതിഭ; തീരാവേദനയായി ദേവിക
മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷ ഈ റോഡിൽ പൊലിഞ്ഞിട്ട് രണ്ടു നാളെ ആകുന്നുള്ളു. സുഹൈലുമാരെ കണ്ടെത്താനുളള നിയമ സംവിധാനങ്ങൾ റോഡിൽ കാണാന്‍ സാധിക്കില്ല. വിമാനത്തേക്കാൾ വേഗത്തിൽ പായാൻ വരുന്നവരെ ആര് ഇവിടെ പിടികൂടുമെന്നതാണ് ചോദ്യം. നിലവിൽ ഉത്തരമില്ല.
മദ്യലഹരിയിൽ യുവാവ് ഓടിച്ച ആഡംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ 3 യുവാക്കൾ മരിച്ച സംഭവത്തിൽ 2 പേർ കൂടി പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ വിമാനത്താവള റോഡിൽ അത്താണിയിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ, സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ കർണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി.ഗോപിക (21) എന്നിവരാണു കൊല്ലപ്പെട്ടത്.
അപകടത്തിനു കാരണം കാറിന്റെ അമിതവേഗം തന്നെയെന്നു മോട്ടർ വാഹന വകുപ്പു കണ്ടെത്തി. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വകുപ്പു സർക്കാരിനു സമർപ്പിച്ചു. കാറിലെ ഇലക്ട്രോണിക്സ് കൺട്രോൾ മൊഡ്യൂൾ പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിയോടു നിർദേശിച്ചിട്ടുണ്ട്. അപകടസമയത്തു കാർ എത്ര വേഗത്തിലായിരുന്നു എന്നു കണ്ടെത്താൻ ഇതിലൂടെ കഴിയും. റിമാൻഡിൽ പാർപ്പിച്ചിരിക്കുന്ന ബോസ്റ്റൽ ഹോമിൽ നിന്നു സുഹൈൽ പുറത്തിറങ്ങിയാലുടൻ ഹിയറിങ് പൂർത്തിയാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യാനാണു തീരുമാനം. സുഹൈലിന്റെ മോചനം വൈകിയാൽ ലൈസൻസ് സസ്പെൻഷനു നിയമപ്രകാരമുള്ള മറ്റു നടപടികൾ കൈക്കൊള്ളും. അപകടം സൃഷ്ടിച്ച കാർ സെക്കൻഡ് ഹാൻഡായാണു സുഹൈലിന്റെ പിതാവു വാങ്ങിയത്.