devika-accident

നെടുമ്പാശ്ശേരിയിലെ പാതയോരത്ത് ചിറകറ്റു വീണത് വെല്ലുവിളികളെ അവസരങ്ങളാക്കി കുതിച്ചുയരാൻ മോഹിച്ച ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങള്‍ . തൊട്ടതെല്ലാം പൊന്നാക്കിയ, പഠനത്തിലും കലയിലും കായികരംഗത്തും മികവു തെളിയിച്ച മിടുക്കി. സ്വന്തം കുടുംബത്തിന് തണലാകാൻ കൊതിച്ച വയനാട് മടക്കിമല സ്വദേശി ദേവിക.

 

ലഹരിയും ചോരത്തിളപ്പിന്റെ അമിത വേഗവും കവർന്നെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ താളമാണ്. ആത്മവിശ്വാസത്തിന്റെ ചിറകിലേറി ഉയരങ്ങളിലേക്ക് പറന്നുയരാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ ചിലങ്കയാണ് നെടുമ്പാശ്ശേരിയിലെ റോഡിൽ ചിതറിവീണത്.

 

Also read: മിനി കൂപ്പർ കുറ്റവാളി ബോസ്റ്റൽ സ്കൂളിൽ; സുഹൈലിനെ പാര്‍പ്പിച്ചതിന് എന്താണ് മാനദണ്ഡം?


കൊഴിയാത്ത ഓർമ്മകളായി ദേവിക ഇനി ഈ ഉമ്മറപ്പടിയിലുണ്ടാകും, ഒരിക്കലും മായാത്ത ഒരു നൊമ്പരമായി. ജില്ലാ സോഫ്റ്റ് ബോൾ ടീമിനായി കുതിച്ചുപാഞ്ഞ മിടുക്കി. വേദികളിൽ താളവിസ്മയം തീർത്ത ഭരതനാട്യ പ്രതിഭ. പത്തിലും പന്ത്രണ്ടിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയഗാഥ രചിച്ച ദേവിക, ഏവിയേഷനിലും ബിബിഎയിലും സ്വപ്നവിജയം നേടി മുന്നേറുകയായിരുന്നു അവൾ. ബിരുദദാനച്ചടങ്ങിന്റെ സന്തോഷം മായുംമുമ്പേ വിദേശത്തേക്ക് പറക്കാനൊരുങ്ങിയ ആ ചിറകുകളാണ് വെട്ടി അരിയപ്പെട്ടത്.

 

കുടുംബത്തിന് നല്ലൊരു വീട് പണിയണമെന്നായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്നം. ഒടൂവിൽ ചേതനയറ്റ ആ ശരീരം ഒന്നു നിവർത്തി കിടത്താൻ പോലും സ്ഥലമില്ലത്ത ആ കൂരയിൽ നിന്നും ഒരു വിളിപ്പാടകലെ ഉള്ള കുടുംബവിട്ടിലേക്ക് കൊണ്ട് പോയി. പ്ലസ് വണ്ണിൽ പഠിക്കുന്ന അനുജന്റെ പഠനച്ചെലവും താൻ ഏറ്റെടുക്കുമെന്ന് വാക്കു നൽകിയാണ് അവൾ എറണാകുളത്ത് പാർട്ട് ടൈം ജോലിക്ക് പോയിരുന്നത്. പ്രതീക്ഷകളുടെ വലിയൊരു ലോകം ബാക്കിയാക്കി ആ മകൾ യാത്രയാകുമ്പോൾ, ഈ ഉമ്മറത്ത് ബാക്കിയാവുന്നത് ആർക്കും നികത്താനാവാത്ത ഒരു ശൂന്യത മാത്രം.

 

 

ENGLISH SUMMARY:

Malayala Manorama Online News reports on the tragic demise of Devika, a multi-talented Bharathanatyam dancer and bright student whose dreams were cut short in a devastating Nedumbassery road accident. Her sudden loss leaves her family and the entire community in profound grief as they remember her remarkable achievements in academics and arts.