suhail-borstal-school
  • നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതിയായ 19കാരൻ സുഹൈൽ സജീവിനെ കാക്കനാടൻ ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

മിനികൂപ്പറിൽ അമിത വേഗതയിൽ പാഞ്ഞ് മൂന്നുപേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്കാണ് റിമാൻഡ് ചെയ്തത്. സുഹൈലിനെ ബോസ്റ്റൽ സ്‌കൂളിലാക്കിയതിനെതിരെ അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം രംഗത്ത് വന്നിരുന്നു. നടപടിക്ക് പിന്നിൽ സംശയങ്ങളുണ്ട് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.

എന്താണ് ബോസ്റ്റൽ സ്കൂൾ?

18 നും 21 നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ സാധാരണ ജയിൽ അന്തരീക്ഷത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതാണ് ബോസ്റ്റൽ സ്‌കൂൾ. ഇത്തരക്കാർക്ക് മികച്ച സ്വഭാവരൂപീകരണവും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. കേരളത്തിലെ ആദ്യത്തെ ബോസ്റ്റൽ സ്കൂൾ കണ്ണൂരിലാണ് സ്ഥാപിക്കപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിനോട് അനുബന്ധിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. 1995 ൽ ഈ ബോസ്റ്റൽ സ്കൂൾ കൊച്ചി കാക്കനാട്ടേക്ക് മാറ്റി സ്ഥാപിച്ചു. നിലവിൽ കേരളത്തിലെ ഏക ബോസ്റ്റൽ സ്കൂൾ ഇതാണ്.

Also Read: 'സുഹൈലിനെ മാറ്റിയത് ജുവനൈല്‍ ഹോമിലേക്ക്, ബാപ്പയുടെ ഇടപെല്‍ തുടങ്ങിയോ?' സംശയം ഉന്നയിച്ച് ദേവികയുടെ കുടുംബം

'ചെറിയ ജയിൽ' എന്ന നിലയിലല്ല ബോസ്റ്റൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. ജയിലുകളിൽ കുറ്റവാളികളെ പാർപ്പിക്കുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കൗമാരക്കാരെ തിരുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കാവലിന് പൊലീസ് യൂണിഫോം ധരിച്ചവർ ഉണ്ടാകില്ല. പകരം അധ്യാപകരും സഹായികളും കാര്യങ്ങൾ നിയന്ത്രിക്കും. മുതിർന്ന തടവുകാരുമായി കുട്ടികൾ ഇടപഴകുന്നത് ഒഴിവാക്കാനും ജയിലിലെ അന്തരീക്ഷത്തിൽനിന്ന് അവരെ അകറ്റിനിർത്താനും ലക്ഷ്യമിട്ടാണ് പ്രവർത്തനം. കുട്ടികൾക്ക് ശിക്ഷയ്ക്കൊപ്പം സ്വഭാവപരിഷ്കരണത്തിനും സാമൂഹികമായ പുനരധിവാസത്തിനും പ്രാധാന്യം നൽകും. 

ബോസ്റ്റൽ സ്കൂളുകളിലേക്ക് അയക്കുന്നതിന്റെ മാനദണ്ഡം?

1961ലെ കേരള ബോസ്റ്റൽ നിയമ പ്രകാരം 18നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ ബോസ്റ്റൽ സ്കൂളിലേക്കാണ് റിമാൻഡ് ചെയ്യേണ്ടത്. എന്നാൽ എല്ലായിടത്തും ബോസ്റ്റൽ സ്കൂളുകൾ ഇല്ല എന്നതുകൊണ്ട് തന്നെ ഇത് പൂർണമായും പാലിക്കപ്പെടാറില്ല. റിമാൻഡ് അഥവാ ജുഡീഷ്യൽ കസ്റ്റഡി അതത് മജിസ്ട്രേറ്റ് കോടതികളുടെ അധികാരപരിധിയിൽ തന്നെ വേണമെന്നാണ് നിയമം. ഈ സാഹചര്യത്തിൽ ബോസ്റ്റൽ സ്കൂൾ ഇല്ലാത്തയിടങ്ങളിൽ 18നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ സബ് ജയിലിലേക്ക് അയക്കും. സബ് ജയിലിൽ മുതിർന്ന റിമാൻഡ് തടവുകാരുമായി ഇടപഴകാത്ത രീതിയിൽ ഇവരെ പാർപ്പിക്കണം എന്നാണ് നിയമം. കൗമാരക്കാരായ കുറ്റവാളികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കണ്ണൂരും തിരുവനന്തപുരത്തും പുതിയ ബോസ്റ്റൽ സ്കൂളുകൾ ഉടൻ സ്ഥാപിക്കും.

ENGLISH SUMMARY:

Following the fatal Nedumbassery mini-cooper crash that claimed three lives, 19-year-old accused Suhail Sajeev was remanded to the Borstal School in Kakkanad. This decision sparked widespread public debate and criticism from the victims' families, who questioned the legal protocol. Borstal schools are specialized correctional institutions established under the 1961 Kerala Borstal Act to reform and rehabilitate young offenders aged between 18 and 21. Unlike conventional prisons, these facilities focus on vocational training and character formation away from hardened criminals, though their limited availability often leads courts to use sub-jails instead.