നെടുമ്പാശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. സുഹൈലിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് ബോസ്റ്റൽ സ്കൂളിൽ സുരക്ഷാഭീഷണിയുണ്ടാകാമെന്ന് കാണിച്ചായിരുന്നു ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. എന്നാൽ പ്രതിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്നോ, വ്യക്തമായ സുരക്ഷാഭീഷണിയുണ്ടെന്നോ തെളിയിക്കുന്ന റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
വിചാരണ നേരിടുന്ന പ്രതിയെ മുതിർന്നവരും സ്ഥിരം കുറ്റവാളികളും കഴിയുന്ന ജയിലിലേക്ക് മാറ്റുന്നത് അനുചിതമാണെന്നും കോടതി നിരീക്ഷിച്ചു. 553 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ 1,227 തടവുകാരുണ്ടെന്ന കാര്യവും കോടതി പരിഗണിച്ചു. ഭാവിയിൽ പ്രതിക്ക് വ്യക്തമായ സുരക്ഷാഭീഷണിയുണ്ടായാൽ നിയമപ്രകാരമുള്ള സൗകര്യങ്ങൾ ലഭ്യമായ മറ്റൊരു ജയിലിലേക്ക് മാറ്റാൻ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഈ മാസം 11നാണ് നെടുമ്പാശേരിയിൽ വെച്ച് സുഹൈൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു പേർ കൊല്ലപ്പെട്ടത്. കേസില്‍ സുഹൈലിനെ കൂടാതെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീർ എന്നിവര്‍ കൂട്ടുപ്രതികളാണ്. നാല് പ്രതികളുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. നിലവിൽ കാക്കനാട് ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ വാഹനമോടിച്ചിരുന്ന സുഹൈൽ അമിതമായി മദ്യപിച്ചിരുന്നു എന്നതിന്റെ പരിശോധനാഫലം ലഭിച്ചിട്ടുണ്ട്. ഇയാളുടെ രക്തത്തിൽ 5.3 മടങ്ങ് അധികമായിരുന്നു മദ്യത്തിന്റെ അളവ്. രക്തത്തിൽ 161 എംജിയും മൂത്രത്തിൽ 230 എംജിയും മദ്യമാണ് പരിശോധനയിൽ ലഭിച്ചത്. കൂടാതെ പ്രതികൾ ബാറിലേക്ക് കയറിപ്പോകുന്നതു ഇറങ്ങിവരുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കാർ അതിവേഗത്തിലായിരുന്നു എന്നതിനും തെളിവുകളുണ്ട്.