പ്രകൃതി ഭംഗി പൂർണമായും ആസ്വദിക്കാൻ കഴിയുന്ന വിസ്റ്റാഡോം കോച്ച് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. രാവിലെ 11 .30 ന് മധുരയിൽ നിന്ന് പുറപ്പെടുന്ന മധുര - ഗുരുവായൂർ എക്സ്പ്രസിലാണ് വിസ്റ്റാ ഡോം കൊച്ചുള്ളത്. വലിയ ഗ്ലാസ് ജനാലകളാണ് ഈ കോച്ചുകളുടെ ആകർഷണം. എല്ലാ വശങ്ങളിലേയ്ക്കും തിരിക്കാവുന്ന സീറ്റുകളാണ് മറ്റൊരു പ്രത്യേകത. ഇന്നു മുതൽ ജനുവരി 16 വരെ മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഈ സൗകര്യം ലഭ്യമാകും. മധുര - ഗുരുവായൂർ ട്രെയിനിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക കോച്ചുണ്ടാവും. മധുര–ചെങ്കോട്ട–പുനലൂർ–കൊല്ലം–കോട്ടയം വഴി ഗുരുവായൂരെത്തും. ഗുരുവായൂർ -മധുര എക്സ്പ്രസ് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാകും സർവീസ് നടത്തുക.
Also read: 'ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; പണിയെടുത്തത് ഞാന്‍'; വിസ്റ്റഡോം കോച്ച് വിവാദത്തില്‍ മറുപടിയുമായി
കേരളത്തിൽ ഓടുന്ന ഒരു ട്രെയിനിൽ ആദ്യമായാണ് വിസ്റ്റ ഡോം കോച്ചുകൾ. ചെങ്കുത്തായ മലനിരകളിലൂടെയും തുരങ്കങ്ങളിലൂടെയും കുന്നിൻ ചരിവുകളിലൂടെയും നദീതീരങ്ങളിലൂടെയും ഉള്ള യാത്രയാണ് കൊല്ലം ചെങ്കോട്ട പാത സമ്മാനിക്കുന്നത്. വിസ്റ്റ ഡോം കോച്ചുകൾ ഘടിപ്പിച്ച ട്രെയിനുകൾ സർവീസ് നടത്തുന്നതോടെ ഈ റൂട്ടിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയും. പശ്ചിമഘട്ടത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് വിസ്റ്റ ഡോം കോച്ചിൽ അവിസ്മരണീയ യാത്രയ്ക്കാണ് ഇനി അവസരം ഒരുങ്ങുന്നത്.
പശ്ചിമഘട്ട മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഈ കോച്ച് ഘടിപ്പിച്ച യാത്ര കൂടുതൽ ആസ്വാദ്യകരമാകുമെന്നതിനാൽ ഈ കോച്ച് അനുവദിക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉയർന്നിരുന്നു. ഗേജ്മാറ്റം കഴിഞ്ഞ് താംബരം –കൊല്ലം എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ച കാലം മുതൽ ആവശ്യപ്പെടുന്നതാണ് വിസ്റ്റ ഡോം കോച്ചുകൾ ഘടിപ്പിച്ച ട്രെയിനുകൾ ഈ പാതയിൽ അനുവദിക്കണമെന്ന്.
എന്താണ് വിസ്റ്റ ഡോം കോച്ചുകൾ?
യാത്രക്കാർക്ക് പുറത്തെ കാഴ്ചകൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്ത പ്രത്യേക തരം കോച്ചുകളാണിത്. സാധാരണ കോച്ചുകളിൽ നിന്നു വ്യത്യസ്തമായി, ഇതിൽ വലിയ ഗ്ലാസ് ജനലുകളും ഗ്ലാസ് പാനലുകളുമാണ് നൽകിയിരിക്കുന്നത്. യാത്രയ്ക്കിടയിലെ പ്രകൃതിഭംഗിയും കാഴ്ചകളും വിശാലമായി ആസ്വദിക്കാൻ സാധിക്കും. കാഴ്ചകൾക്കനുസരിച്ച് സീറ്റുകൾ തിരിക്കാൻ സാധിക്കുന്ന സംവിധാനം ഉണ്ട്.