പുതിയ എസ്എംഎ മരുന്നതിനായുള്ള ഫയല്‍ നീക്കത്തിനിടെ കമ്പനി പ്രതിനിധികളും ആരോഗ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെ.മുരളീധരന്റെ ഓഫിസില്‍ എത്തി നാറ്റ്കോ കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ്എടി സൂപ്രണ്ട് ഡോ. ഐ.റിയാസും ഉണ്ട്. കൂടിക്കാഴ്ച ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സിഎസ്ആര്‍ ആവശ്യത്തിന് വന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എസ്എംഎ രോഗികൾക്ക് ട്രയൽ ലേബൽ മരുന്ന് നല്‍കിയത് എസ്എടിയില്‍ നിന്നാണ്.
അതേസമയം, എസ്എംഎ ബാധിതർ പുതിയ മരുന്നിനെ കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്ന ആരോഗ്യ മന്ത്രിയുടെ വാദവും പൊളിഞ്ഞു. രോഗബാധിതര്‍ മന്ത്രിക്ക് നല്കിയ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്. കത്ത് ലഭിച്ചതിനു ശേഷമാണ് മരുന്നു മാറ്റാൻ തീരുമാനമെടുത്തതും ഓർഡർ നല്കിയതും. പുതിയ മരുന്നിനെ കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പരാതി കിട്ടിയാൽ പരിശോധിക്കും എന്നുമാണ് ഇന്നലെ കെ.മുരളീധരൻ പറഞ്ഞത്.
എസ്എംഎ രോഗം ബാധിച്ച കുട്ടികള്‍ക്ക് ഇന്ത്യന്‍ നിര്‍മിത മരുന്ന് നല്കാന് മടിക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എങ്കിലും ആരോഗ്യവകുപ്പ് നല്കിയ മരുന്ന് ഇപ്പോഴും കുട്ടികള്‍ക്ക് കൊടുക്കാന്‍ രക്ഷിതാക്കള്‍ തയാറായിട്ടില്ല. കൃത്യമായ പഠനം നടത്തിയിട്ടേ ഇത് നല്‍കുന്നതെന്നാണ് ഇവരുടെ തീരുമാനം. മരുന്ന് മാറ്റി നല്കാന് സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോള്‍ രക്ഷിതാക്കളുടെ ആശങ്കയും വര്‍ധിക്കുകയാണ്. കുട്ടികളെ വെച്ച് മരുന്ന് പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നാണ് ആരോഗ്യവകുപ്പിനോട് രക്ഷിതാക്കളുടെ അഭ്യര്‍ഥന.