കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണങ്ങൾ തള്ളി ജനറൽ മാനേജർ തോമസ് ജോസഫ്. ഇ.പി. ജയരാജന്റെ മരുമകൻ ശ്യാംജിത്ത് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം വിശദീകരണം നൽകിയത്. ശശിധരൻ കർത്തയുടെ പണം വൈദേകം റിസോർട്ടിൽ എത്തിയെന്ന ആരോപണത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് തോമസ് ജോസഫ് വ്യക്തമാക്കി. Also Read: ഐഫോണിന് നികുതിയടക്കില്ല; വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യുവാവിനെതിരെ കേസ്
റിസോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഡയറക്ടർ ബോർഡാണെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡിനെ സഹായിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരിയുടെ ഭർത്താവാണ് ശ്യാംജിത്ത്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം ഇപ്പോഴത്തെ ആരോപണങ്ങളെന്നും തോമസ് ജോസഫ് ആരോപിച്ചു.
അതേസമയം, വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ സഹോദരിയുടെ മകൻ ശ്യാംജിത്ത് പുതിയ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇ.പി. ജയരാജന്റെ ഭാര്യ റിസോർട്ടിൽ നിക്ഷേപിച്ചത് ശശിധരൻ കർത്തയുടെ പണമാണെന്നായിരുന്നു ആരോപണം. എന്നാൽ, റിസോർട്ടുമായി തനിക്ക് സാമ്പത്തിക ബന്ധമോ ഓഹരി പങ്കാളിത്തമോ ഇല്ലെന്ന് ഇ.പി. ജയരാജൻ വ്യക്തമാക്കി.
അതിനിടെ, വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന് ശ്യാംജിത്ത് പിന്മാറി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വിവാദ പോസ്റ്റ് തന്റേതല്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ശ്യാംജിത്തിന്റെ ഭാര്യക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ വെള്ളിയാഴ്ച കേസെടുത്തിരുന്നു.