ആത്മീയ ആചാര്യൻ സ്വാമി ചിന്മയാനന്ദന്റെ എ.ഐ അവതാറിനോട് അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചിന്മയ അമൃത മഹോത്സവ് ഗ്ലോബൽ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം അനുഗ്രഹം തേടിയത്.
1993ൽ സ്വാമി ചിന്മയാനന്ദനുമായി താൻ നടത്തിയ കൂടിക്കാഴ്ചകളെ പ്രധാനമന്ത്രി വേദിയില്‍വെച്ച് അനുസ്മരിച്ചു. എഐ അവതാറിലൂടെ ഗുരുവിന്റെ സാന്നിധ്യം കണ്ടപ്പോൾ താൻ 33 വർഷം പിന്നിലേക്ക് സഞ്ചരിച്ചതുപോലെ തോന്നിയെന്നും താൻ ചെയ്യുന്ന രാജ്യസേവനങ്ങൾക്കായി ചിന്മയാനന്ദന്റെ അനുഗ്രഹം തേടുന്നുവെന്നും മോദി പറഞ്ഞു.
1993 ഫെബ്രുവരിയിലോ മാർച്ചിലോ ആണ് താൻ അവസാനമായി സ്വാമിജിയെ കണ്ടതെന്നും ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നതായും പ്രധാനമന്ത്രി പറയുന്നു. എന്നാൽ 1993 ഓഗസ്റ്റ് മൂന്നിന് സ്വാമി ചിന്മയാനന്ദൻ സമാധിയാകുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ നിലയിൽ കാണുന്നതിൽ സന്തോഷമുണ്ടെന്ന് സ്വാമി ചിന്മയാനന്ദന്റെ ഹോളോഗ്രാഫിക് രൂപം മറുപടി നൽകി. 'ഇന്ത്യ നിങ്ങളോടൊപ്പമുണ്ട്, നരേന്ദ്ര' എന്നും അദ്ദേഹത്തിന്‍റെ എഐ അവതാര്‍ ആശംസിച്ചു.
1916 മേയ് എട്ടിന് എറണാകുളം പൂതംപള്ളി തറവാട്ടിലായിരുന്നു സ്വാമി ചിന്മയാനന്ദന്റെ ജനനം. ബാലകൃഷ്ണ മേനോൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. പത്രപ്രവർത്തകനായി ഋഷികേശിൽ സ്വാമി ശിവാനന്ദയുടെ മഠത്തിലെത്തിയ അദ്ദേഹം അവിടെനിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചു. തുടർന്ന് ഉത്തരകാശിയിലെത്തി സ്വാമി തപോവന്റെ ശിക്ഷണത്തിൽ വേദാന്തം അഭ്യസിച്ചു. പിന്നീടാണ് ചിന്മയ മിഷന് രൂപം നൽകിയത്.