AI Image

ഹണിമൂണിനിടെ പീരിയഡ്സ് ആയതിന്‍റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന് ഭാര്യയുടെ പരാതി. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നുള്ള യുവതിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 2023 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.  

ഡൽഹി നിവാസിയായ നിഖിൽ മിശ്രയ്ക്ക് എതിരെയാണ് ഭാര്യയുടെ പരാതി. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഹണിമൂണിനു പോയപ്പോൾ തനിക്ക് പീരിയഡ്സ് ആയെന്നും അതില്‍ പ്രകോപിതനായ നിഖിൽ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ഭര്‍ത്താവില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയതെന്നും യുവതിയുടെ പരാതിയിലുണ്ട്. 

Read more at: 'നിങ്ങൾ വൈകാരികമായി തകർന്നിരിക്കുകയാണെന്ന് അറിഞ്ഞു, ഇതാണ് കർമ'; അഖിലിനെതിരെ എയ്ഞ്ചലിന്‍

ജൂലായ് നാലിനാണ് ദമ്പതികൾ ആൻഡമാൻ ദ്വീപിലെത്തിയത്. പീരിയഡ്സ് ആയതിനെത്തുടര്‍ന്ന് കഠിനമായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. പീരിയഡ്സിനെക്കുറിച്ച് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിഖിൽ പ്രകോപിതനായത്. തന്റെ മൂഡ് കളഞ്ഞുവെന്ന് പറഞ്ഞായിരുന്നു മർദ്ദിച്ചതെന്നും യുവതി വെളിപ്പെടുത്തി. 

മടങ്ങിയെത്തിയതിനുശേഷം നിഖിലിന്റെ മാതാവിനോടും സഹോദരിയോടും ഇക്കാര്യം പറഞ്ഞപ്പോൾ അവരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹ സമയത്ത് പിതാവ് 20 ലക്ഷം രൂപയും 40 ലക്ഷം രൂപ വിലമതിക്കുന്ന പാരിതോഷികങ്ങളും നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് ആരോപിച്ച് ഭർത്താവിന്റെ വീട്ടുകാർ പരിഹസിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതിയിൽ ആരോപിക്കുന്നത്. 

തുടർന്ന് പിതാവിനെ വിളിച്ച് തന്നെ തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. തന്നെ വേണ്ടെന്ന് നിഖിൽ പിതാവിനോട് പറഞ്ഞതായും യുവതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുശേഷം ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിക്കുന്നു. പ്രശ്നം പരിഹരിക്കാനെത്തിയ പിതാവിനെയും ഭർതൃവീട്ടുകാർ അപമാനിച്ചു. സ്ത്രീധനമായി നൽകിയ വസ്തുക്കൾ തിരികെ നൽകിയില്ലെന്നും ഭർത്താവ് നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഗോരഖ്‌പൂർ സീനിയർ പൊലീസ് സൂപ്രണ്ടിന്റെ ഇടപെടലിനെ തുടർന്ന് ഓഗസ്റ്റ് 15ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.

ENGLISH SUMMARY:

A woman from Gorakhpur, Uttar Pradesh, has filed a police complaint accusing her husband, Nikhil Mishra, of brutally assaulting her during their honeymoon in the Andaman and Nicobar Islands in July 2023 because she got her period. The accused allegedly beat, kicked, and attempted to choke her for "ruining his mood," and she was rescued by hotel staff. Furthermore, she faced mental harassment, dowry demands, and was driven out of her matrimonial home after 45 days. Following the intervention of the Gorakhpur Senior Superintendent of Police, an FIR was registered on August 15.