army-patrol

7.62 x 51 എംഎം SIG 716 അസോൾട്ട് റൈഫിളുകൾക്ക് വേണ്ടിയുള്ള നൈറ്റ് സൈറ്റ് (Image Intensifier) ഉപകരണങ്ങളുള്‍പ്പെടെ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി കരാര്‍ ഒപ്പിട്ട് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. 659.47 കോടി രൂപയുടേതാണ് കരാര്‍. എം/എസ് എംകെയു ലിമിറ്റഡ്, എം/എസ് മെഡ്ബിറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യവുമായാണ് കരാര്‍ ഒപ്പുവച്ചത്. 500 മീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ പോലും കൃത്യമായി കണ്ട് വെടിവയ്ക്കാൻ സൈനികരെ സഹായിക്കുന്നതാണ് ഈ നൈറ്റ് സൈറ്റ് സിസ്റ്റങ്ങൾ.

നിലവിലുള്ള പാസീവ് നൈറ്റ് സൈറ്റുകളെ (PNS) അപേക്ഷിച്ച് നൈറ്റ് സൈറ്റുകള്‍ ഇന്ത്യൻ കരസേനയുടെ യുദ്ധശേഷിയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. വളരെ കുറഞ്ഞ പ്രകാശത്തിലും രാത്രികാല ഓപ്പറേഷനുകളിലും കൃത്യമായ ലക്ഷ്യം കൈവരിക്കാന്‍ ഇവയ്ക്കാകും. ഇത് സൈനികരുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതാണ്.

'Buy (Indian-IDDM)' വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. അതായത്, വാങ്ങുന്ന ഉപകരണങ്ങളുടെ 51% ത്തിൽ അധികവും തദ്ദേശീയമായി നിർമ്മിച്ചവയായിരിക്കും. ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ വ്യവസായ ശേഷി വർദ്ധിപ്പിക്കുമെന്നും അനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണത്തിലും അസംസ്കൃത വസ്തുക്കളുടെ വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) അവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആത്മനിർഭാരതത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്.

ENGLISH SUMMARY:

Indian Defence Ministry signs contract for night vision devices. This acquisition will significantly enhance the operational capabilities of the Indian Army, boosting night-time combat effectiveness and promoting indigenous defence manufacturing.