ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയിലേക്കുള്ള കാര്‍യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനും തമ്മില്‍ വിശദമായ ചര്‍ച്ച.ഉച്ചകോടി വേദിയില്‍ എത്തിയ ശേഷവും കാറിൽനിന്നു പുറത്തിറങ്ങാതെ 45 മിനിറ്റോളമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. വ്യാപാര കരാറിന്‍റെ പേരില്‍ ഇന്ത്യ യുഎസുമായി അകലുന്നതിനിടെയാണ് റഷ്യയുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം.
അതേസമയം തന്നെയാണ് റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് സു–57 ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്‍റെ നിക്ഷേപ പദ്ധതികളെ പറ്റി റഷ്യ പഠനം ആരംഭിച്ചത്. ഇന്ത്യയും റഷ്യയും കൂടുതല്‍ അടുക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍. ഇന്ത്യയിൽ വിമാനം നിർമിക്കുന്നതിന് ആവശ്യമായ നിക്ഷേപത്തെ പറ്റി റഷ്യൻ ഏജൻസികൾ നിലവിൽ വിലയിരുത്തുന്നു എന്നാണ് പ്രതിരോധ വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞത്.
റഷ്യയുടെ സു-57 അല്ലെങ്കില്‍ അമേരിക്കയുടെ എഫ്–35 അടങ്ങുന്ന അഞ്ചാം തലമുറ വിമാനങ്ങളുടെ രണ്ടോ മൂന്നോ സ്ക്വാഡ്രണുകള്‍ ആവശ്യമുണ്ടെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ സു-30 യുദ്ധവിമാനങ്ങള്‍ നിലവില്‍ നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സില്‍ നിര്‍മിക്കുന്നുണ്ട്. ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകുകയാണെങ്കില്‍ സു-57 വിമാനങ്ങളുടെ നിര്‍മാണം ഇവിടെ ആരംഭിക്കാനാകും.
നാസിക് കൂടാതെ ഇന്ത്യയിലെ മറ്റിടങ്ങളിലും റഷ്യന്‍ നിര്‍മിത ഉപകരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇവയും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചാല്‍ ചെലവ് കുറയ്ക്കാൻ സഹായിക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ മേല്‍കൈ ലഭിക്കും. ഈയിടെ നടന്ന ചര്‍ച്ചയ്ക്കിടെ എസ്-400, എസ്-500 വ്യോമപ്രതിരോധ സംവിധാനങ്ങളില്‍ ഇന്ത്യ താല്‍പര്യം അറിയിച്ചിരുന്നു.
പാക്കിസ്ഥാനെതിരെ നടന്ന ഓപ്പറേഷന്‍ സിന്ദൂരില്‍ റഷ്യന്‍ നിര്‍മിത യുദ്ധോപകരണങ്ങളാണ് ഇന്ത്യയ്ക്ക് മേല്‍കൈ നല്‍കിയത്. റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണ് പാക്ക് മിസൈലുകളെ തകര്‍ത്തത്. പാക്ക് വ്യോമകേന്ദ്രങ്ങള്‍ തകര്‍ത്തത് ഇന്ത്യ– റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലുകളുടെ സഹായത്തോടെയായിരുന്നു.