23ാമത് ഇന്ത്യ–റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തുന്നത് ‘റഷ്യന്‍ സ്വര്‍ണ’വുമായി. റഷ്യയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ സ്റ്റേറ്റ് കാറായ ഓറസ് സെനറ്റിലായിരിക്കും പുടിന്റെ ഇന്ത്യയിലെ യാത്ര. ഇന്ത്യന്‍ റോഡില്‍ ഓറസ് സെനറ്റ് കാണാമെന്ന ആകാംക്ഷയിലാണ് കാര്‍പ്രേമികള്‍. ദ്വിദിന സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തിയത്.
ലോകത്തിലെ അത്യാഢംബര കാറുകളില്‍ പ്രഥമസ്ഥാനമാണ് ലിമോസിനുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള ലിമോസിന്‍ വിട്ടൊരു യാത്ര പുടിനു താല്‍പര്യമില്ല. 6700mm ആണ് കാറിന്റെ നീളം. റോള്‍സ് റോയിസുമായി സാമ്യം. ബുള്ളറ്റ് പ്രൂഫ്, പരമാവധി വേഗത മണിക്കൂറില്‍ 250കിമീ. സുരക്ഷയുടെ കാര്യത്തില്‍ ട്രംപിന്റെ ബീസ്റ്റിനൊപ്പം നില്‍ക്കും. 4.4-ലിറ്റര്‍ V8 എഞ്ചിനാണ് കരുത്താകുന്നത്. 20ഇഞ്ച് ബുള്ളറ്റ് പ്രൂഫ് ടയറുകള്‍, മുന്‍പ് ഷാങ്ഹായ് ഉച്ചകോടിക്ക് ഇതേ ലിമോസിനില്‍ പുടിനൊപ്പം മോദിയെത്തിയതും വലിയ തലക്കെട്ടുകളായിരുന്നു. അന്ന് ഒരു മണിക്കൂറോളം ഇരുവരും കാറിനുള്ളില്‍ സംസാരിച്ചിരുന്നതും വാര്‍ത്തയായിരുന്നു.
തുകല്‍കൊണ്ട് നിര്‍മിച്ച ഉള്‍വശം, അഗ്നിശമന സംവിധാനം, വായു ശുദ്ധീകരണ സൗകര്യം എന്നിവയെല്ലാം ലിമോസിനിലുണ്ട്. ലിമോസിന്റെ രണ്ട് മോഡല്‍ കാറുകള്‍ 2024ല്‍ പുടിന്‍ കിം ജോങ് ഉന്നിനു സമ്മാനിച്ചിരുന്നു. കാര്‍ നിര്‍മാണത്തില്‍ പുതുതാരങ്ങളാണ് ഓറസ് മോട്ടോഴ്സ്. 2018ലാണ് കമ്പനി ഈ രംഗത്തേക്ക് കടന്നുവന്നത്. തുര്‍ക്ക്മെനിസ്ഥാനിലുള്‍പ്പെടെ പല ലോകനേതാക്കളും ഇന്നീ കാര്‍ ആണ്ഉപയോഗിക്കുന്നത്.
വ്യാപാരബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാന കൂടിക്കാഴ്ച്ചയുടെ പ്രധാന അജന്‍ഡ. പ്രതിരോധ സഹകരണം, റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കൽ എന്നിവ ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമാണ്. റഷ്യയിൽ നിന്ന് എസ്-400 മിസൈൽ സംവിധാനം ഉൾപ്പെടെ വാങ്ങുന്നതാകും മറ്റൊരു സുപ്രധാന വിഷയം. വളം, ആയുധം, ഊർജം എന്നിവയ്ക്ക് പുറമേ ആരോഗ്യ,, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സേവാതീര്‍ഥില്‍ റഷ്യന്‍ സംഘത്തിന് ഇന്ന് അത്താഴവിരുന്നുണ്ട്. നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ റഷ്യന്‍ പ്രസിഡന്‍റിന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ വച്ച് മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. ഭാരത് മണ്ഡപത്തില്‍ വാണിജ്യ–വ്യാപാര പ്രതിനിധികളുമായി ഇരുനേതാക്കളും ചര്‍ച്ച നടത്തും. യുക്രെയന്‍ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള പുടിന്‍റെ ആദ്യ സന്ദര്‍ശനമാണിത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കെയാണ് സന്ദര്‍ശനം.