Ai Generated Image

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മരണം ഉഗ്ര തവളവിഷം ഉളളില്‍ ചെന്നാണെന്നുളള വെളിപ്പെടുത്തലിന്‍റെ ഞെട്ടലിലാണ് ലോകം. ഇതോടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായ അലക്സി നവൽനിയുടെ മരണം കരുതിക്കൂട്ടിയുളള കൊലപാതകമാണെന്ന് തെളിയുകയാണ്. നവല്‍നിയുടെ മൃതദേഹ സാംപിളുകളുടെ പരിശോധനാ ഫലത്തില്‍ എപ്പിബാറ്റിഡിൻ ശരീരത്തിലെത്തിയതിന്‍റെ വ്യക്തമായ സൂചനയുണ്ടെന്നും ഇത് മരണം കൊലപാതകമാണെന്ന് ഉറപ്പിക്കുകയാണെന്നും ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ജയില്‍വച്ചായിരുന്നു അലക്സി നവൽനിയുടെ മരണം. ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതരുടെ മൊഴി. എന്നാല്‍ നവല്‍നിയുടെ മരണത്തിന് പിന്നില്‍ പുട്ടിന്‍ തന്നെയാണെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരം ആരോപണങ്ങളെ കൂടുതല്‍ ശക്തമാക്കുകയാണ് പുറത്ത് വന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റഷ്യയില്‍ സാധാരണഗതിയില്‍ കാണാപ്പെടാത്തവയാണ് പോയിസൺ ഡാർട്ട് ഫ്രോഗുകൾ. എപിപെഡോബാറ്റിസ് എന്ന ജനുസ്സിലുള്ള ഈ വിഷത്തവളകളുടെ ശരീരത്തിലെ ഉഗ്രവിഷം എങ്ങനെയാണ് ജയിലില്‍ കിടക്കുന്ന നവല്‍നിയുടെ ശരീരത്തിലെത്തിയതെന്നാണ് പ്രധാനമായി ഉയരുന്ന ചോദ്യം. 

റഷ്യന്‍ പരീക്ഷണശാലകളില്‍ വളര്‍ത്തുന്ന പോയിസൺ ഡാർട്ട് ഫ്രോഗുകളില്‍ ഇതുവരെ ഈ വിഷം കണ്ടെത്തിയിട്ടുമില്ലെന്ന വസ്തുത നവല്‍നിയുടെ മരണം കൂടുതല്‍ ദുരൂഹമാക്കുകയാണ്. തെക്കേ അമേരിക്കയുടെ വടക്കൻ മേഖലയിലാണ് പ്രധാനമായും ഈ വിഷത്തവളകള്‍ കാണപ്പെടാറ്. ഇവയുടെ ചര്‍മ്മത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എപ്പിബാറ്റിഡിൻ എന്ന ഘടകം ഉഗ്രവിഷമാണ്. ഇതൊരല്‍പം അകത്തുപോയാല്‍ അത് നമ്മുടെ നാഡീവ്യവസ്ഥയെ താറുമാറാക്കും. പേശികള്‍ നശിക്കുകയും ബോധം നശിച്ച് കുഴഞ്ഞ് വീഴുകയും ചെയ്യും. പിന്നാലെ ശ്വാസകോശം പ്രവര്‍ത്തനരഹിതമായി ശ്വാസംമുട്ടി മരിക്കും. 

ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളിലാണ് സാധാരണ പോയിസൺ ഡാർട്ട് തവളകളെ കാണാറ്. വേട്ടയ്ക്കായി ലാറ്റിനമേരിക്കയിലെ ആദിവാസി ഗോത്രവിഭാഗക്കാര്‍ അമ്പിന്‍റെ അറ്റത്ത് ഈ വിഷം പുരട്ടി ഉപയോഗിക്കാറുണ്ട്. അമ്പേറ്റ മൃഗങ്ങള്‍ ഉടനടി മരിച്ചുവീഴും, അത്രമാത്രം വിഷമാണ് ഈ തവളകളില്‍ അടങ്ങിയിരിക്കുന്നത്. നവല്‍നിയെ കൊലപ്പെടുത്താനായി ഈ വിഷം പ്രത്യേകം വേര്‍തിരിച്ചെടുത്ത് റഷ്യയിലെ ജയിലില്‍ എത്തിച്ചതാകാമെന്ന് വിദഗ്ധരുടെ അഭിപ്രായം. കൃത്യമായ പ്ലാനിങ്ങോടെ നടന്ന അതിക്രൂരമായ കൊലപാതകമാണ് നവല്‍നിയുടെതെന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ടുകള്‍. അതേസമയം രാസായുധ ഉടമ്പടി ലംഘിച്ചതിന് റഷ്യക്കെതിരെ രാസായുധ നിരോധന സംഘടനയ്ക്കു പരാതി നൽകുമെന്ന് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ വ്യക്തമാക്കി. 

ENGLISH SUMMARY:

Alexei Navalny's death is now believed to be caused by the potent venom of a poison dart frog, specifically epibatidine. This revelation significantly strengthens the suspicion that the prominent Russian opposition leader's death was a premeditated murder.