യുക്രെയിന് മുകളില്‍ റഷ്യ തീമഴ പൊഴിച്ചിട്ട്  ഇന്ന് നാലാണ്ട് തികയുകയാണ്. ഇരുഭാഗത്തും കനത്തനാശനഷ്ടമുണ്ടാക്കിയ യുദ്ധം ഇനിയും സമാധാനത്തിലേക്കെത്തിയിട്ടില്ല. കൊല്ലപ്പെട്ടവരും പരുക്കേറ്റവരുമായ ലക്ഷക്കണക്കിന് സാധാരണക്കാരാണ്  ഈ യുദ്ധത്തിന്റെയും ഇരകള്‍. ജനസംഖ്യയില്‍ പകുതിമാത്രമേ യുക്രെയിനിലിപ്പോള്‍ അവശേഷിക്കുന്നുള്ളൂ. സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്തവരും ഏതുനിമിഷവും വന്നു വീഴാവുന്ന ബോംബുകളെ ഭയന്ന് ജീവിക്കുന്നവരും ഇതൊന്ന് അവസാനിച്ച്  കിട്ടാന്‍ കാത്തിരിക്കുകയാണ്. 

നാറ്റോയില്‍ അംഗമാകാനുള്ള യുക്രെയിന്റെ ആഗ്രഹവും അത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുള്ള പുടിന്റെ ആശങ്കയുമാണ് ഈ യുദ്ധത്തിന്റെ ലളിതമായ കാരണം. പ്രഹരശേഷിയുള്ള ആയുധങ്ങളും, വന്‍ സൈനീകശേഷിയുമുള്ള പുടിന്‍, യുക്രെയിനെ നിസാരമായി കണ്ടു. റഷ്യന്‍ ബോംബുകള്‍ക്ക് മുന്നില്‍ പതറാതെ, ഒറ്റരാത്രി കൊണ്ട് ആയുധം കയ്യിലെടുത്ത് സൈനീകരായി യുക്രെയിനിലെ സാധാരണക്കാര്‍.ദേശീയത എന്ന ഒറ്റവികാരത്തില്‍ യുക്രെയിന്‍ റഷ്യയുടെ പ്രഹരശേഷിക്ക് മുന്നില്‍ പ്രതിരോധമതില്‍ കെട്ടി.  എതിരാളികളെ കയ്യില്‍ കിട്ടിയാല്‍ പുറംലോകം കാട്ടാത്ത പുടിന്റെ ചരിത്രമറിഞ്ഞിട്ടും സ്വന്തം രാജ്യം വിടാതെ വ്ളോഡിമിര്‍ സെലന്‍സ്കിയെന്ന ഭരണപരിചയംകുറഞ്ഞ  പ്രസിഡന്റ് തലസ്ഥാനമായ കീവില്‍ തന്നെ തുടര്‍ന്നു. ആയുധങ്ങളും ഫണ്ടും നല്‍കി യൂറോപ്യന്‍ ശക്തികള്‍ യുക്രെയിന് പിന്നില്‍ അണിനിരന്നു. 

ലോകനേതാക്കെളെയെല്ലാം കണ്ട് യുക്രെയിന് പിന്തുണ നേടുന്നതില്‍ സെലന്‍സ്കി വിജയിച്ചു. ഒരാഴ്ച കൊണ്ട് സമ്പൂര്‍ണാധിപത്യം എന്ന് പുടിന്‍ കരുതിയ യുദ്ധം നാലുവര്‍ഷം നീണ്ടു. യുക്രെയിന് വന്‍സാമ്പത്തിക പിന്തുണ നല്‍കിയ യുഎസില്‍ ബൈഡന്‍ മാറി ട്രംപ് വന്നു. സെലന്‍സ്കിക്ക് കൈകൊടുത്ത യുഎസ്, ട്രംപിന്റെ വരവോടെ പുടിനുമായി അടുത്തു. വൈറ്റ് ഹൗസിലെത്തിയ സെലന്‍സ്കിക്ക് അവിശ്വസനീയമായ അപമാനം നേരിടേണ്ടിവന്നു. 

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വെടിനിര്‍ത്തലിലേക്ക് പോലും എത്തിയിട്ടില്ല. ആത്മാര്‍ഥമായ മധ്യസ്ഥതയ്ക്ക് ആളില്ല. യുദ്ധത്തിന്‍റെ സ്റ്റാറ്റസ് ഇങ്ങനെയാണ്. ക്രെമിയ, ലുഹാന്‍സ്ക്, ഡൊനെസ്ക്, സാപോറീഷ്യ, ഖേഴ്സണ്‍ എന്നീ പ്രധാനമേഖലകളടക്കം യുക്രെയിന്റെ   20 ശതമാനവും റഷ്യയുടെ കയ്യിലാണ്. തലസ്ഥാനമായ കീവ് തൊടാന്‍ റഷ്യയ്ക്കായിട്ടില്ല. വടക്കന്‍ യുക്രെയിലും ശക്തമായ പ്രതിരോധമാണ്. ചര്‍ച്ചകള്‍ വഴിമുട്ടുന്നതും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ റഷ്യ തയാറാകാത്തത് കൊണ്ടാണ്. യുക്രെയന്‍ പക്ഷത്ത് 55,000 സൈനീകര്‍ മരിക്കുകയും മൂന്ന് ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റഷ്യന്‍ പക്ഷത്തെ ആള്‍നാശം ഒന്നരലക്ഷത്തിലേറെയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ 

രണ്ടുലക്ഷത്തിലേറെ ജീവനെടുത്ത ഒരുയുദ്ധത്തില്‍ പുടിനോ സെലന്‍സ്കിയോ വില്ലന്‍ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.യുദ്ധത്തിലേക്ക് നയിച്ചവര്‍ ആരായാലും എന്നതാണ് ഉത്തരം. സ്വന്തം സൈനീകരെ കുരുതികൊടുത്ത് മറ്റൊരു രാജ്യത്തേക്ക് കടന്നുകയറിയ പുടിനും സ്വന്തം രാജ്യത്തെ തച്ചുടയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ച സെലന്‍സ്കിയും തുല്യ ഉത്തരവാദികളാണ്. തകര്‍ന്നടിഞ്ഞ രാജ്യം, യുദ്ധത്തില്‍ മരിച്ച പ്രിയപ്പെട്ടവര്‍, പട്ടിണി. മരിക്കാതിരിക്കാന്‍ ഓരോ നിമിഷവും പൊരുതേണ്ട യുക്രെയിന്‍ ജനത പോലും തീവ്രദേശീയ വികാരത്തില്‍ നിന്ന് പിന്നാക്കം പോയിരിക്കുന്നു. ഇനിയുമൊരൊണ്ട് നീളാതെ അണയട്ടെ ഈ യുദ്ധം.

ENGLISH SUMMARY:

The Ukraine war has now reached its four-year mark with significant devastation on both sides and no signs of peace. Millions of civilians have been killed or injured, with half of Ukraine's population displaced or living in constant fear of bombings.