Image Credit: x/globalstrategy
ഹോര്‍മുസ് ഏറ്റെടുത്തുവെന്ന ട്രംപിന്‍റെ പ്രഖ്യാപനങ്ങള്‍ക്കിടെ റഷ്യയുടെ 'ലോകാവസാന വിമാനം' എന്നറിയപ്പെടുന്ന പ്രത്യേക സൈനിക വിമാനം ടെഹ്റാനില്‍. യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങളെ ശക്തമാക്കിയാണ് ടുപോലേവ് Tu 214 PU വിമാനം മോസ്കോയില്‍ നിന്നും ടെഹ്റാനിലെത്തിയത്. റഷ്യയുടെ സ്പെഷല്‍ ഫ്ലൈറ്റ് സ്ക്വാഡ്രണിന്‍റെ ഭാഗമാണിത്. റഷ്യയുടെ പറക്കും കമാന്‍ഡന്‍റ് എന്ന് കൂടി ഈ വിമാനം അറിയപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ സൈനിക–ഭരണപരമായ പ്രവര്‍ത്തനങ്ങളെ ആകാശത്ത് നിന്ന് തന്നെ ഏകോപിപ്പിക്കാനും ആശയവിനിമയം നടത്താനും വിമാനത്തിന് സാധിക്കും. ഇറാനെതിരെ അമേരിക്ക ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഡൂംസ് ഡേ വിമാനം പറന്നിറങ്ങിയത് ഇറാനുള്ള റഷ്യയുടെ പരസ്യവും ശക്തവുമായ പിന്തുണയെയാണ് കാണിക്കുന്നത്. ഇറാന്‍ വലിയ തിരിച്ചടി നടത്താന്‍ തയാറെടുക്കുകയാണോയെന്നും അതിനുള്ള ഉപദേശ–നിര്‍ദേശങ്ങളാണോ വിമാനത്തിന്‍റെ വരവിന് പിന്നിലെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്.
വിമാനം ഇറാനിലെത്തിച്ചതിന്‍റെ കാരണം റഷ്യ ഇതുവരേക്കും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. റഷ്യയുടെ ഉന്നതസംഘത്തിന് അകമ്പടിയായും പലപ്പോഴും ഈ വിമാനത്തെ കാണാറുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 16ന് താഷ്കെന്‍റില്‍ വച്ച് റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ ഉസ്ബെക്കിസ്ഥാന്‍റെ നേതാക്കളെ കണ്ട ദിവസവും വിമാനം അവിടെ എത്തിയിരുന്നു. ഫെബ്രുവരിയില്‍ ഇറാനെ അമേരിക്ക ആക്രമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ വിമാനം ടെഹ്റാനിലെത്തുകയും രണ്ട് ദിവസത്തിന് ശേഷം മടങ്ങുകയും ചെയ്തു. റഷ്യന്‍ ഊര്‍ജ മന്ത്രി സെര്‍ജി സില്‍വിയോവ് ഇതിന് പിന്നാലെ ഇറാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ വിമാനം ഇസ്ലമാബാദിലുമെത്തിയിരുന്നു. നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാന്‍ ഇതേസമയത്ത് സില്‍വിയോവ് പാക്കിസ്ഥാനിലുണ്ടായിരുന്നു.
അങ്ങനെയെങ്കില്‍ ഇറാനില്‍ വച്ച് എന്തെങ്കിലും ഉന്നതതല യോഗം നടക്കുന്നുവെന്നോ അല്ലെങ്കില്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിനോ വഴിയൊരുങ്ങുന്നുവെന്നോ വേണം അനുമാനിക്കാന്‍. ആയത്തുല്ല അലി ഖമനയിയുടെ കബറടക്കത്തിന് മുന്നോടിയായി ട്രംപിന്‍റെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നുള്ള പിന്‍മാറലും, ഹോര്‍മുസ് പ്രസ്താവനകളും ശക്തമായി നേരിടുമെന്ന ഇറാന്‍റെ നിലപാടും പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാക്കുകയാണ്.