പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ലക്ഷ്യമിടേണ്ട ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഇറാൻ മാധ്യമം. അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നേതാക്കളാണ് ‘ഹംഷഹരി’ എന്ന പത്രം പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്.

പിതാവിന്റെ മരണത്തിന് പകരം വീട്ടുമെന്ന പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ പ്രസ്താവനയ്‌ക്കൊപ്പമാണ് 13 വിദേശ നേതാക്കളുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഇൻഫോഗ്രാഫിക് കാർഡ് പത്രത്തിന്റെ ഓൺലൈൻ പുറത്തുവിട്ടത്. എന്നാൽ പത്രത്തിൽ ഈ പട്ടിക കൊടുത്തിട്ടില്ല. പ്രകോപനപരമായ നിലപാടുകൾക്ക് പേരുകേട്ട ഇറാനിലെ ഒരു യാഥാസ്ഥിതിക പത്രമാണ് ‘ഹംഷഹരി’.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഫ്രഞ്ച് പ്രസിഡന്റ് മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി, ജർമൻ ചാൻസലർ മെർസ് എന്നിവരും പട്ടികയിലുണ്ട്. ഫെബ്രുവരി 28ലെ യുഎസ്- ഇസ്രയേൽ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 

പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമനയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖമനയിയെ വധിച്ചവരോട് പകരം ചോദിക്കുമെന്ന് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് തങ്ങൾ ശപഥം ചെയ്തുവെനന്നായിരുന്നു മൊജ്തബ വെളിപ്പെടുത്തിയത്. തന്റെ സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു രേഖയിലാണ്, ഖമനയിയുടെയും യുദ്ധത്തിൽ കൊല്ലപ്പെട്ട 'രക്തസാക്ഷികളുടെയും' രക്തത്തിന് പകരം ചെയ്യുമെന്ന് മൊജ്തബ പറഞ്ഞത്. 

ENGLISH SUMMARY:

Iran revenge list details the targets for retaliation following the assassination of Ayatollah Ali Khamenei, with a list published by the Iranian newspaper Hamshahri naming leaders from the United States, Israel, and European countries. This publication accompanies a statement from Mojtaba Khamenei vowing revenge for his father's death, highlighting the provocative stance of the conservative Iranian publication.