ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങില്‍ മാസ്ക് ധരിച്ചെത്തിയ വ്യക്തി ആരെന്ന ചോദ്യമാണ് കഴിഞ്ഞ കുറച്ച് ദിവസമായി സൈബറടത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. മകനും ഇറാന്‍ പരമോന്നത നേതാവുമായ മൊജ്തബ ഖമനയിയാണോ ആ മുഖംമൂടി ധാരിയെന്നായിരുന്നു പലരുടെയും സംശയം. സുരക്ഷാപ്രശ്നങ്ങള്‍ ഏറെയുളളതിനാല്‍ പിതാവിനെ അവസാനമായി കാണാനും ചടങ്ങില്‍ പങ്കെടുക്കാനുമായി മൊജ്തബ മുഖം മറച്ചെത്തിയതാകാം എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോഴിതാ അത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇറാനിയന്‍ മാധ്യമങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ആയത്തുല്ല അലി ഖമനയിയുടെ മൂത്ത പേരക്കുട്ടി മുഹമ്മദ് ജവാദ് ഖമനയിയാണ് കറുത്ത മുഖംമൂടിയും ബേസ്ബോള്‍ തൊപ്പിയും ധരിച്ച് സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്. 'ഇറാൻ ഇന്റർനാഷണൽ' എന്ന വാർത്താ മാധ്യമമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഖമനയിയുടെ മൂത്ത മകൻ മൊസ്തഫ ഖമനയിയുടെ മകനാണ് മുഹമ്മദ് ജവാദ്. ഫെബ്രുവരി 28-ന് ഇറാന് നേരെ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ഖമനയിയുടെ പേരക്കുട്ടി ജവാദിന്‍റെ മുഖത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഈ പരുക്കുകൾ മറയ്ക്കാനാണ് അദ്ദേഹം ചടങ്ങിൽ കറുത്ത മാസ്ക് ധരിച്ചെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

യുഎസ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുല അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന് വന്‍ജനാവലിയെ സാക്ഷിയാക്കിയാണ് നടത്തിയത്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുളള രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖകര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ലോകം മുഴുവന്‍ ഈ സംസ്കാരച്ചടങ്ങില്‍ തിരഞ്ഞതാകട്ടെ ഖമനയിയുടെ മകനും പിന്‍ഗാമിയുമായ മൊജ്തബ ഖമനയിയേയും. മൊജ്തബ ചടങ്ങിനെത്തുമോ? അവിടെ യുഎസ് പെട്ടൊന്നൊരു ആക്രമണം അഴിച്ചുവിടുമോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളും സംസ്കാരച്ചടങ്ങിനോടനുബന്ധിച്ച് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മൊജ്തബയെ മാത്രം ആരും കണ്ടില്ല. 49 ദശലക്ഷം ആളുകളാണ് പ്രിയ നേതാവിന് വിടചൊല്ലാന്‍ സംസ്കാരച്ചടങ്ങില്‍ അണിനിരന്നത്. ഇറാനിലുടനീളം ആറുദിവസം നീണ്ടുനിന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് ഖമനയിയെ ജന്മനാടായ മഷാദിലെ ഇമാം റെസയുടെ ആരാധനാലയത്തില്‍ അടക്കം ചെയ്തത്. 

ENGLISH SUMMARY:

The mystery surrounding the masked individual at Ayatollah Ali Khamenei's funeral has been solved. Iran's media has revealed that the masked person was Mohammad Javad Khamenei, the supreme leader's grandson, who was covering facial injuries from a previous attack.