ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ അനുസ്മരണച്ചടങ്ങില്‍ മകന്‍ മൊജ്തബ ഖമനയി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവായി മൊജ്തബ ഖമനയി അധികാരമേറ്റതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങുകൂടിയായിരിക്കും ഈ അനുസ്മരണച്ചടങ്ങ്. സുരക്ഷാകാരണങ്ങളാലും മറ്റും പിതാവിന്‍റെ സംസ്കാരച്ചടങ്ങില്‍ നിന്ന് പോലും വിട്ടുനിന്ന മൊജ്തബയുടെ ആദ്യ പൊതുവേദികൂടിയായിരിക്കും ഇത്. ഖമനയി കൊല്ലപ്പെട്ട യുഎസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മൊജ്തബ ചികില്‍സയിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അധികാരമേറ്റതിന് പിന്നാലെ രാജ്യത്തോടും ജനങ്ങളോടും പറയാനുളളതെല്ലാം എഴുത്തുരൂപത്തിലുള്ള ഔദ്യോഗിക പ്രസ്താവനകളാക്കിയാണ് അദ്ദേഹം പുറത്തുവിട്ടിരുന്നത്. പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പ്രതികാരം ചെയ്യുമെന്ന് തന്റെ സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു രേഖയിലൂടെയാണ് മൊജ്തബ പ്രഖ്യാപിച്ചത്. ഇറാന്റെ പ്രതികാരം അനിവാര്യമായും നടപ്പിലാക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഈ കാര്യം തന്റെ വ്യക്തിപരമായ നിലനിൽപ്പിനെയോ മറ്റ് ഉദ്യോഗസ്ഥരുടെ നിലനിൽപ്പിനെയോ ആശ്രയിച്ചിരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ സന്നിഹിതരാണെങ്കിലും ഇല്ലെങ്കിലും അത് സംഭവിക്കുമെന്നും മൊജ്തബ കുറിച്ചിരുന്നു.

കാത്തിരുപ്പുകള്‍ക്കൊടുവില്‍ തങ്ങളുടെ പ്രിയനേതാവിനെ നേരില്‍ കാണാനുളള ഇറാന്‍ ജനതയുടെ കാത്തിരിപ്പ് കൂടിയാണ് ഖമനയി അനുസ്മരണച്ചടങ്ങിലൂടെ സംഭവിക്കാന്‍ പോകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 23 ചൊവ്വാഴ്ച വൈകുന്നേരം 5 മുതൽ 7 വരെയാണ് അനുസ്മരണ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മൊജ്തബ എത്തുമോ എന്ന കാര്യത്തില്‍ ഇറാന്‍ ഭരണകൂടം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും മൊജ്തബ എത്തും എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ENGLISH SUMMARY:

Mojtaba Khamenei is expected to attend the memorial service for his father, Ayatollah Ali Khamenei, marking his first public address since assuming leadership. This event will be significant for the Iranian people eager to see their new leader and hear his message, especially after his strong statements of revenge.