ആമിര്‍ ഗൗരി വിവാഹത്തിന് പിന്നാലെ സോഷ്യല്‍ലോകത്തെ ഹോട്ട് ടോപ്പിക്കായി മാറിയിരിക്കുകയാണ് ഇരുവരുടെയും വിവാഹമോതിരം. വളരെ ലളിതമായി നടത്തിയ ആമിര്‍ ഖാന്‍റെ മൂന്നാം വിവാഹത്തിന്‍റെ ചിത്രങ്ങളെല്ലാം സൈബറിടത്ത് വൈറലായിരുന്നെങ്കിലും ഏവരുടെയും കണ്ണുടക്കിയത് ആമിര്‍ ഗൗരി സ്പ്രാറ്റിനെ അണിയിച്ച ആ റെഡ് റൂബി മോതിരത്തിലായിരുന്നു. 131 വിദഗ്ധരുടെ 256 മണിക്കൂര്‍ പരിശ്രമം കൊണ്ട് തയ്യാറാക്കിയ ആ അപൂര്‍വ മോതിരത്തെ കുറിച്ച് കൂടുതലറിയാം.

അപൂർവങ്ങളിൽ അപൂർവമായ മാണിക്യക്കല്ലുകൊണ്ട് തയാറാക്കിയതാണ് ആമിര്‍ ഗൗരിയെ അണിയിച്ച ആ റെഡ് റൂബി മോതിരം. 'വൺ ഇൻ എ മില്യൻ' എന്ന് തീര്‍ക്കും വിശേഷിപ്പിക്കാം. ആഫ്രിക്കൻ ദ്വീപായ മഡഗാസ്കറിൽ നിന്നാണ് പ്രകൃതിദത്തമായ ഈ മാണിക്കക്കല്ല് കണ്ടെടുത്ത്. 'കാബോഷൻ-കട്ടില്‍' മെനഞ്ഞെടുത്ത ഈ റൂബി സ്റ്റോണ്‌ ലോകത്ത് തന്നെ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണ്. ആഡംബര ജ്വല്ലറി ബ്രാൻഡായ 'ക്വീൻ' ആണ് ഈ മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

'ക്വീൻ' ജ്വല്ലറിയുടെ കോ-ഫൗണ്ടറും സിഇഒയുമായ അമിത് കുമാർ ഈ മോതിരത്തിന്‍റെ നിര്‍മാണത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ..ഈ മാണിക്ക്യം കണ്ടെത്താന്‍ വേണ്ടിവന്നത് മൂന്നുമാസത്തിലധികം സമയമാണ്. ലക്ഷത്തിൽ ഒന്നോ അല്ലെങ്കിൽ അതിലും അപൂർവമോ ആയ ഒന്നാണ് ഈ മഡഗാസ്കർ റൂബി. രാജകീയമായൊരു അനുഭൂതി നല്‍കുന്ന ഡിസൈനാണ് ഈ കല്ല് പതിപ്പിച്ച മോതിരത്തിന് നല്‍കിയിരിക്കുന്നത്. 131 വിദഗ്ധരുടെ 256 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്‍റെ ഫലമാണിതെന്നും അമിത് കുമാര്‍ പറഞ്ഞു.

കാബോഷൻ കട്ടിലാണ് മഡഗാസ്കര്‍ റൂബി മോതിരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. സാധാരണയായി രത്നങ്ങൾക്ക് കൂടുതല്‍ തിളക്കം കിട്ടാന്‍ അവ പല കോണുകളിൽ മുറിക്കുകയാണ് പതിവ്. എന്നാല്‍ ആമിര്‍ ഗൗരിയെ അണിയിച്ച മോതിരത്തില്‍ ചെയ്തത് വ്യത്യസ്മായ കാബോഷൻ കട്ടാണ്. അതായത് രത്നത്തിന്‍റെ മുകൾഭാഗം നല്ല വൃത്താകൃതിയിൽ മിനുസപ്പെടുത്തിയതും അടിഭാഗം പരന്നതുമായ ശൈലിയെയാണ് ഈ കാബോഷന്‍ കട്ട് എന്നുവിളിക്കുന്നത്. ഇത് മാണിക്യത്തിന്റെ യഥാർഥ കടും ചുവപ്പ് നിറത്തെ കൂടുതൽ വ്യക്തമാക്കുകയും ഉള്ളിൽ നിന്നും ഒരു പ്രകാശം പുറത്തേക്ക് വരുന്നത് പോലുള്ള അനുഭൂതി നൽകുകയും ചെയ്യും. ഇനി ഈ മാണിക്യക്കല്ല് മോതിരത്തില്‍ ഘടിപ്പിച്ചിരിക്കുന്നതിനുമുണ്ടൊരു പ്രത്യേകത. കിരീട സമാനമായ ഘടന മോതിരത്തിന് നല്‍കിയിട്ട് അതിന് നടുവിലായാണ് ഈ മഡഗാസ്കര്‍ റെഡ് റൂബി സ്റ്റോണ്‍ ഘടിപ്പിച്ചിരിക്കുന്നത്. കേവലം ഒരു സാധാരണ വിവാഹമോതിരം എന്ന കോണ്‍സെപ്റ്റില്‍ നിന്ന് മാറി. തലമുറകളോളം കൈമാറാന്‍ സാധിക്കുന്ന ഒരു അമൂല്യനിധിയാണ് ആമിര്‍ ഖാന്‍ തന്‍റെ പ്രിയതമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Aamir Gauri engagement ring is the hot topic following their wedding, particularly the stunning red ruby ring gifted to Gauri. This exquisite ring, crafted over 256 hours by 131 artisans, features a rare Madagascar ruby and a unique cabochon cut, making it a truly one-in-a-million piece.