രാവിലെ എഴുന്നേൽക്കുന്നു, കുളിച്ചൊരുങ്ങി എന്തൊക്കയോ കഴിച്ചെന്ന് വരുത്തി ഓഫിസിലേക്ക് പായുന്നു. അതേ ബസ്, അതേ ട്രാഫിക്, അതേ കസേര, യാന്ത്രികമായി ചെയ്തുതീർക്കുന്ന കുറച്ചു ജോലികൾ... വൈകുന്നേരം തിരികെ വീട്ടിലേക്ക്. അടുത്ത മാസവും അതേ ശമ്പളം, അടുത്ത വർഷവും അതേ തസ്തിക. ഒരുകാലത്ത് സ്വപ്നമായിരുന്ന ജോലി ഇപ്പോൾ വെറുമൊരു 'ദിനചര്യ'യായി തോന്നുന്നുണ്ടോ?
പേടിക്കേണ്ട, കുഴപ്പം നിങ്ങളുടെ കഴിവില്ലായ്മ കൊണ്ടല്ല. നിങ്ങളുടെ കരിയർ ഒരു 'പ്ലാറ്റോ'യിൽ എത്തിനിൽക്കുന്നതുകൊണ്ടാണ്.
എന്താണ് കരിയർ പ്ലാറ്റോ?
ഒരു മല കയറുമ്പോൾ തുടക്കത്തിൽ ഓരോ ചുവടും നമ്മളെ ഉയരത്തിലെത്തിക്കും. എന്നാൽ ഒരു ഘട്ടത്തിൽ കയറ്റം കഴിഞ്ഞ് ഒരു സമതലത്തിലെത്തും . മുന്നോട്ട് നടക്കാം, പക്ഷേ ഉയരം കൂടുന്നില്ല. ജോലി തുടരുമ്പോഴും വ്യക്തിപരമായ വളർച്ചയോ പുതിയ വെല്ലുവിളിയോ ഇല്ലാത്ത ഈ അവസ്ഥയാണിത്.
പ്ലാറ്റോ പ്രധാനമായും രണ്ടുതരമുണ്ട്.
സ്ട്രക്ചറൽ പ്ലാറ്റോ: സ്ഥാപനത്തിൽ മുകളിലേക്ക് പോകാൻ ഒഴിവുകളോ പുതിയ തസ്തികകളോ ഇല്ലാത്ത അവസ്ഥ.
കണ്ടന്റ് പ്ലാറ്റോ: ചെയ്യുന്ന ജോലിയിൽ പുതുതായി ഒന്നും പഠിക്കാനില്ലാത്ത അവസ്ഥ. കാര്യങ്ങൾ 'ഓട്ടോ പൈലറ്റ്' മോഡിൽ നടക്കും, ആവേശം തീരെ കാണില്ല.
കരിയർ പ്ലാറ്റോയിലെത്തി എന്ന് തിരിച്ചറിയുന്നത് ജോലി ഉപേക്ഷിക്കാനുള്ള സിഗ്നലല്ല, മറിച്ച് അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സമയമായി എന്ന സൂചനയാണ്.
സ്വയം ഒരു വിലയിരുത്തൽ: നിലവിൽ നിങ്ങൾക്ക് എന്തൊക്കെ അറിയാം? ഇനി എന്താണ് പഠിക്കേണ്ടത്? അഞ്ച് വർഷം കഴിഞ്ഞ് നിങ്ങൾ എവിടെയായിരിക്കണം? എന്നതെല്ലാം ആലോചിച്ച് തീരുമാനമെടുക്കുക.
കഴിവുകൾ അപ്‌ഡേറ്റ് ചെയ്യാം: എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ തരംഗമാകുന്ന കാലമാണിത്. പുതിയ ടൂളുകൾ, മാനേജ്‌മെന്റ് സ്കില്ലുകൾ, ഭാഷകൾ എന്നിവ പഠിച്ച് അപ്‌ഡേറ്റഡ് ആയിരിക്കുക.
ചോദിക്കാൻ മടിക്കരുത്: 'എനിക്ക് പുതിയൊരു പ്രോജക്റ്റിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ട്', 'മറ്റൊരു ടീമിനൊപ്പം അവസരം കിട്ടുമോ?' എന്ന് ബോസിനോട് സംസാരിക്കുക. പലപ്പോഴും അവസരങ്ങൾ ചോദിച്ചാൽ മാത്രമേ ലഭിക്കൂ. അക്കാര്യത്തിൽ മടി വിചാരിക്കരുത്.
വശങ്ങളിലേക്ക് നീങ്ങാം: എപ്പോഴും മുകളിലേക്ക് തന്നെ പോകണമെന്നില്ല. മറ്റൊരു ഡിപ്പാർട്ട്‌മെന്റിലേക്കുള്ള മാറ്റം പോലും പുതിയ ടീമും പുതിയ ആവേശവും തന്നേക്കാം.
ലക്ഷ്യങ്ങൾ ചെറുതാക്കാം: 'എന്‍റെ കരിയർ മാറ്റണം' എന്ന വലിയ ലക്ഷ്യത്തിന് പകരം, 'അടുത്ത 3 മാസത്തിനുള്ളിൽ ഒരു പുതിയ കോഴ്‌സ് പഠിക്കും' അല്ലെങ്കിൽ 'ആഴ്ചയിൽ ഒരു പുതിയ പ്രഫഷനൽ കണക്ഷൻ ഉണ്ടാക്കും' എന്ന് തീരുമാനിക്കുക.
ഓഫിസിന് പുറത്തും ഒരു ജീവിതമുണ്ട്: കരിയറിലെ പ്രമോഷൻ മാത്രമല്ല വിജയത്തിന്റെ അളവുകോൽ. യാത്രകൾ, വായന, കുടുംബത്തോടൊപ്പമുള്ള സമയം, പുതിയ ഹോബികൾ എന്നിവയും നിങ്ങൾക്ക് ഊർജ്ജം തരും.
കരിയർ റീസെറ്റ് ചെയ്യാറായോ എന്നറിയാൻ ഒരു ക്വിക്ക് ചെക്ക്‌ലിസ്റ്റ് ഇതാ
തിങ്കളാഴ്ച പേടി: ഇനി 5 ദിവസം എങ്ങനെ തള്ളിനീക്കും എന്ന ചിന്ത.
പഠനം പൂജ്യം: പുതിയതായി ഒന്നും പഠിക്കാൻ കിട്ടുന്നില്ല.
വളർച്ച മുട്ടി നിൽക്കുന്നു: പ്രമോഷൻ, ശമ്പള വർധനവ് എന്നിവ വഴിമുട്ടിയ അവസ്ഥ.
അസൂയ അല്ല, പക്ഷേ...: മറ്റുള്ളവരുടെ വളർച്ച കാണുമ്പോൾ, ഞാൻ മാത്രം എന്തുകൊണ്ട് ഇവിടെത്തന്നെ? എന്ന വിഷമം.
ഉള്ളിലൊരു ശൂന്യത: ജോലി ചെയ്യുന്നു, ശമ്പളം കിട്ടുന്നു. പക്ഷേ 'ഇതാണോ എന്റെ ജീവിതം?' എന്ന ചോദ്യം.
ശ്രദ്ധിക്കുക ഈ അഞ്ച് കാര്യങ്ങളിൽ മൂന്നെണ്ണമോ അതിലധികമോ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈകിക്കേണ്ട നിങ്ങളുടെ കരിയർ ഒന്ന് 'റീസെറ്റ്' ചെയ്യാൻ സമയമായി.