Image Credit:X/CzarneNiebo, facebook/Akhil20Joyan

  • യുക്രെയ്ന്‍ ചരക്കു കപ്പലിന് നേരെ ഇന്നലെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ അഖില്‍ ഉള്‍പ്പടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ സിറിയയില്‍ നിന്നുള്ള നാവികരാണ്. ആക്രമണത്തില്‍ പരുക്കേറ്റ എട്ടുപേരെ യുക്രെയ്ന്‍ നാവികസേന രക്ഷപെടുത്തി

രണ്ട് മാസം കഴിഞ്ഞാല്‍ വിവാഹപ്പന്തല്‍ ഉയരേണ്ട വീട്ടില്‍ തേങ്ങല്‍ നിറയുന്നതിന്‍റെ വേദനയിലാണ് കാസര്‍കോട്ടെ വെള്ളരിക്കുണ്ട്. വെള്ളരിക്കുണ്ട് വാളിപ്ലാക്കല്‍ വീട്ടില്‍ ജോയന്‍റെ മകന്‍ അഖില്‍ ഉള്‍പ്പടെ പത്തുപേരാണ് ഇന്നലെ യുക്രെയ്ന്‍ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ സിറിയയില്‍ നിന്നുള്ള നാവികരാണ്. വൈകുന്നേരത്തോടെയാണ് അപകടവിവരം അഖിലിന്‍റെ കുടുംബം അറിഞ്ഞത്.

ഇന്നലെ രാവിലെയും മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ച മകന്‍ ഇനിയില്ലെന്ന വാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് കുടുംബം. വിവരമറിഞ്ഞതും അമ്മ സാലി ബോധരഹിതയായി ആശുപത്രിയിലായി. സാലിയുടെയും ജോയന്‍റെയും ഏകമകനായിരുന്നു അഖില്‍. ചെന്നൈയില്‍ നിന്ന് മറൈന്‍ എന്‍ജിനീയറിങ് പഠിച്ച ശേഷം മര്‍ച്ചന്‍റ് നേവിയില്‍ ചേര്‍ന്നു. ആലപ്പുഴ സ്വദേശിയുമായി മേയില്‍ വിവാഹം നിശ്ചയിച്ച ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയതായിരുന്നു അഖില്‍.

അഖിലായിരുന്നു കുടുംബത്തിന്‍റെ അത്താണിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇലക്ട്രിക്കല്‍ കടയാണ് അഖിലിന്‍റെ പിതാവിനുള്ളത്. അമ്മ സാലി ഇന്‍ഷൂറന്‍സ് ഏജന്‍റാണ്. അഖില്‍ പഠിച്ച് ജോലി നേടിയ ശേഷമാണ് വീടുപണി പൂര്‍ത്തീകരിച്ചതെന്നും അഖിലിനെ കുറിച്ച് നല്ല ഓര്‍മകള്‍ മാത്രമാണ് നാടിനുള്ളതെന്നും വാര്‍ഡ് മെംബര്‍ ഓര്‍ത്തെടുക്കുന്നു. വടംവലി താരവും ഫിംഗര്‍ പുള്ളിങില്‍ റെക്കോര്‍ഡിനുടമയുമായിരുന്നു. അപകടം സംഭവിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കുടുംബ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ആക്രമണത്തില്‍ പരുക്കേറ്റ എട്ടുപേരെ യുക്രെയ്ന്‍ നാവികസേന രക്ഷപെടുത്തി. ഇവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഇയാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.  ആഫ്രിക്കന്‍  രാജ്യമായ ഗിനി ബസോയുടെ പതാകയാണ് അഖിലിന്‍റെ കപ്പിലില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി എംവി ഗോള്‍ഡന്‍ ലിയോയിലെ ചീഫ് ഓഫിസറായിരുന്നു അഖില്‍. 

ENGLISH SUMMARY:

Akhil Joyan, a young chief officer from Vellarikundu in Kasaragod, was tragically killed alongside nine others in a Russian missile attack on a merchant vessel. Serving on the Guinea-Bissau-flagged cargo ship MV Golden Leo, Akhil had just celebrated his engagement to an Alappuzha native two months ago, and his family was eagerly preparing for his wedding. As the only son of Joy and Sally, he was the primary pillar of support for his family, remembered fondly by his community as a talented tug-of-war player and hardworking marine engineer. His grieving family has reached out to the Ministry of External Affairs and NORKA to coordinate repatriation procedures and obtain further details about the attack.