രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍ ഇന്ത്യയിലെത്തി. ഡല്‍ഹി പാലം എയര്‍ഫോഴ്‌സ് സ്റ്റേഷനിലെത്തിയ പുടിനെ, പ്രോട്ടോക്കോളുകള്‍ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ‌സ്വീകരിച്ചു. ഇരുവരും ഒരു വാഹനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സേവാതീര്‍ഥിലേക്ക് പോയി. റഷ്യന്‍ സംഘത്തിന് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ അത്താഴവിരുന്നുണ്ട്. 

നാളെ രാവിലെ രാഷ്ട്രപതി ഭവനില്‍ റഷ്യന്‍ പ്രസിഡന്‍റിന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ വച്ച് മോദിയും പുടിനും തമ്മിൽ നിര്‍ണായക ഉഭയകക്ഷി ചർച്ച നടത്തും. അതേസമയം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി പ്രതിപക്ഷ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയില്ല.

TOPSHOT - In this pool photograph distributed by the Russian state agency Sputnik, Russia's President Vladimir Putin is welcomed by Indian Prime Minister Narendra Modi upon the Russian leader's arrival at Palam Air Force Base in New Delhi on December 4, 2025, the first day of his two-day state visit to India. (Photo by Grigory SYSOYEV / POOL / AFP)

രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടില്ല. വിദേശ രാഷ്ട്രത്തലവന്‍മാര്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കാണുന്ന പതിവ് തെറ്റിച്ചത് കേന്ദ്രസര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.