ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും വ്യാപാരബന്ധം വര്‍ധിപ്പിക്കുമെന്നും റഷ്യ. ഇന്ത്യയുമായുള്ള തൊഴില്‍ മൊബിലിറ്റി കരാര്‍ യാഥാര്‍ഥ്യമാക്കും. എസ്-400 എയർ ഡിഫൻസ് സംവിധാനങ്ങൾ, സുഖോയ്-57 യുദ്ധവിമാനങ്ങളുടെ വിതരണം എന്നിവ ചര്‍ച്ച തുടരുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ഡിസംബര്‍ 4,5 തിയതികളിലായി പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്‌നിക് സംഘടിപ്പിച്ച ഓൺലൈൻ മാധ്യമ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ദിമിത്രി പെസ്കോവ്.
റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയുടെ മേൽ യുഎസ് ഏർപ്പെടുത്തിയ 25% പിഴ താരിഫ് സംബന്ധിച്ച ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫുകൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ ഭാഗമാണ്. ബാഹ്യഇടപെടലില്ലാതെ റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എങ്ങനെ വികസിപ്പിക്കാമെന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയുടെ മേൽ സമ്മർദ്ദമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ബാഹ്യസ്വാധീനമില്ലാത്ത ബന്ധം ഇരുരാജ്യങ്ങളും തമ്മില്‍ കെട്ടിപ്പടുക്കുന്നത് പ്രധാനമാണ്. പരസ്പരം പ്രയോജനകരമായ രീതിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷിത വ്യാപാര സാഹചര്യമുണ്ടാകണം. ബന്ധം ഊഷമളമാക്കണം. ഈ ഉഭയകക്ഷി വ്യാപാരത്തിലൂടെ നമുക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ, നമ്മൾ അത് തുടരണം, എന്നാൽ വിദേശ സമ്മർദ്ദങ്ങളിൽ നിന്ന് അതിനെ സുരക്ഷിതമാക്കണം.ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഇന്ത്യയുടെ നിലപാടുകളെ ഞങ്ങൾ അഭിനന്ദിക്കുന്നു. പരമാധികാരത്തിനുള്ള ഈ അവകാശത്തോട് ഞങ്ങൾക്ക് ആദരവുണ്ട് . രാജ്യത്തിന്‍റെ പരമാധികാരമെന്നത് ഞങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്’. അദ്ദേഹം പറഞ്ഞു.