India is developing a modified version of the Agni-5 intercontinental ballistic missile. (Photo: X/@Kunal_Biswas707)
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇറാന്‍റെ ഫൊര്‍ദോ ആണവകേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയും ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ സിസ്റ്റം നിര്‍മിക്കാനൊരുങ്ങുന്നത്. അടുത്തകാലത്തു നടന്ന യുദ്ധസാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യക്കിത് അനിവാര്യമാണ്. ശത്രുരാജ്യത്തിന്‍റ ലക്ഷ്യകേന്ദ്രത്തെ ഭൂമിക്കടിയിലേക്ക് തുരന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം.
അഗ്നി 5 ഇന്റര്‍കോണ്ടിനെന്‍റല്‍ മിസൈലിന്‍റെ അടിസ്ഥാനനിര്‍മിതിയില്‍ നിന്നും വികസിപ്പിച്ചാണ് ഡിആര്‍ഡിഒ ( ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) ബങ്കര്‍ ബസ്റ്റര്‍ രൂപപ്പെടുത്തുന്നത്. 5000കിമീ ആയുധവാഹനശേഷിയുള്ള അഗ്നി ഫൈവിനെ 7500കിമീ വാഹകശേഷിയുള്ളവയാക്കുകയാണ് ലക്ഷ്യം. കോൺക്രീറ്റ് പാളികള്‍ക്കടിയിലുള്ള ശക്തമായ പ്രതിരോധത്തെ തകർക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മിസൈൽ, സ്ഫോടനം സംഭവിക്കുന്നതിന് മുൻപ് ഏകദേശം 80 മുതൽ 100 മീറ്റർ വരെ ഭൂഗർഭത്തിലേക്ക് കടന്നുകയറിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബങ്കര്‍ ബസ്റ്റര്‍ വികസിപ്പിക്കുന്നതോടെ യുഎസിന്റെ ആയുധശേഷികള്‍പ്പമെത്താന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇറാനെതിരെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ പരമ്പരാഗത ബങ്കർ-ബസ്റ്റർ ബോംബായ 14 ജി.ബി.യു-57 ബോംബുകൾ ആണ് ഉപയോഗിച്ചിരുന്നത്. ജി.ബി.യു-57യും അതിന്റെ മുൻഗാമിയായ ജി.ബി.യു-43വും മദര്‍ ഓഫ് ഓള്‍ ബോംബ്സ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ബോംബര്‍ വിമാനങ്ങളുപയോഗിച്ചാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നത്, എന്നാല്‍ മിസൈൽ വഴി എത്തിക്കാവുന്ന രീതിയിലാണ് ഇന്ത്യ ഇതിനെ രൂപകല്‍പന ചെയ്യുന്നത്. ഇതിലൂടെ ചെലവുകുറഞ്ഞ ഒരു പ്ലാറ്റ്ഫോം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
അഗ്‌നി-5ന്‍റെ രണ്ട് പുതിയ വകഭേദങ്ങൾ വികസനപാതയിലാണെന്നാണ് റിപ്പോർട്ടുകൾ. അതിൽ ഒന്ന് വ്യോമമേഖലയിലെ ലക്ഷ്യങ്ങൾ തകർക്കാൻ എയർബർസ്റ്റ് രീതിയിലുള്ളതാവും. മറ്റൊന്ന്, ഭൂഗർഭ പ്രതിരോധങ്ങളിലേക്ക് കടന്ന് പ്രവേശിക്കാൻ കഴിയുന്ന, തുരന്നുകയറുന്ന മിസൈൽ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു വകഭേദങ്ങള്‍ക്കും എട്ടു ടണ്ണായിരിക്കും ഭാരം. ബങ്കര്‍ ബസ്റ്റര്‍ സ്വദേശീയമായി വികസിപ്പിക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ സാങ്കേതികവിദ്യയും സൈനികശേഷിയും മറ്റൊരു തലത്തിലേക്കെത്തുമെന്നാണ് വിദഗ്ധവിലയിരുത്തല്‍.