FILE PHOTO: A visitor of an exhibition takes a photo of parts of an Iranian made unmanned aerial vehicle (UAV) Shahed-131/136, which was launched on Ukrainian territories, amid Russia's attack on Ukraine, in Kyiv, Ukraine June 27, 2025. REUTERS/Alina Smutko/File Photo

FILE PHOTO: A visitor of an exhibition takes a photo of parts of an Iranian made unmanned aerial vehicle (UAV) Shahed-131/136, which was launched on Ukrainian territories, amid Russia's attack on Ukraine, in Kyiv, Ukraine June 27, 2025. REUTERS/Alina Smutko/File Photo

  • ഇറാന്‍ ഡ്രോണ്‍ ആക്രമണം യുഎസിന് വെല്ലുവിളി
  • ഷാഹെദ് ഡ്രോണുകളെക്കുറിച്ച് യുക്രെയ്ന്‍ മുന്നറിയിപ്പ് നല്‍കി
  • മുന്നറിയിപ്പ് അവഗണിച്ച് ഡോണള്‍ഡ് ട്രംപ്
  • ഇന്ന് സഹായം തേടി യുഎസ് സൈന്യം യുക്രെയ്നു മുന്‍പില്‍

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന ഇറാന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ അമേരിക്ക പാടുപെടുന്നെന്ന് റിപ്പോര്‍ട്ട്. അത്രമാത്രം ലക്ഷ്യം നേടാന്‍ കഴിവുള്ള സാങ്കേതികവിദ്യയില്‍ പിറന്നവയാണ് ഇറാനയക്കുന്ന ഡ്രോണുകള്‍. ഇത് അമേരിക്കയ്ക്ക് ബോധ്യപ്പെടുംമുന്‍പേ ബോധ്യപ്പെട്ടത് യുക്രെയ്നാണ്. റഷ്യ–യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്നു നേരെ റഷ്യ അയച്ച ഡ്രോണുകള്‍ ഇറാന്റെ സാങ്കേതികവിദ്യയില്‍ പിറന്നവയായിരുന്നു. അവയെ പ്രതിരോധിക്കുക അത്ര എളുപ്പമല്ലെന്ന് ബോധ്യപ്പെട്ട യുക്രെയ്ന്‍ ഏഴു മാസങ്ങള്‍ക്ക് മുന്‍പേ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ ഡ്രോണുകളെ തകര്‍ക്കാന്‍ പ്രത്യേക സാങ്കേതികവിദ്യ അനിവാര്യമാണെന്ന് അന്നേ പറഞ്ഞെങ്കിലും അമേരിക്ക വലിയ കാര്യമായെടുത്തില്ല. ആ തന്ത്രപരമായ പിഴവാണ് ഇന്ന് ആ രാജ്യത്തിന്റെ കിതപ്പിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

മുന്നറിയിപ്പ് നല്‍കിയതോടൊപ്പം തന്നെ ഇറാന്‍ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള പദ്ധതികളും അന്ന് യുക്രെയ്ന്‍ മുന്നോട്ടുവച്ചിരുന്നുവെങ്കിലും അമേരിക്ക ഗൗരവമായെടുത്തില്ലെന്നാണ് സൂചന. ഇറാന്റെ ഡ്രോണുകൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു യുക്രെയ്ന്റേയും വ്ലാദിമിര്‍ സെലെന്‍സ്കിയുടേയും ഈ നീക്കം. ഇറാന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ യുദ്ധക്കളത്തില്‍ പരീക്ഷിച്ച് വിജയിച്ച സാങ്കേതികവിദ്യ കൈമാറാമെന്ന് വാഷിങ്ടണെ അറിയിച്ചപ്പോള്‍ ട്രംപ് ഭരണകൂടം ഈ നിര്‍ദേശം തളളിക്കളഞ്ഞുവെന്നും ഇത് തന്ത്രപരമായ പിഴവായി മാറിയെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നതായി ആക്സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

us-iran-drone

Image: AFP

പ്രാദേശിക സംഘര്‍ഷങ്ങളില്‍ അമേരിക്കയെ സഹായിക്കാന്‍ പോന്ന സാങ്കേതികവിദ്യയുടെ ഒരു പവർപോയിന്റ് പ്രസന്റേഷൻ പോലും യുക്രെയ്ന്‍ തയാറാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമായും ഇറാന്റെ ഷാഹെദ് ഡ്രോണുകളാണ് അമേരിക്കയ്ക്ക് യുദ്ധമേഖലയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ ഡ്രോണുകൾ വളരെ താഴ്ന്ന ഉയരത്തിലും കുറഞ്ഞ വേഗതയിലും സഞ്ചരിക്കുന്നവയാണ്. ഇത് മിസൈലുകളെ ലക്ഷ്യംവച്ചുള്ള പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മറഞ്ഞാണ് സഞ്ചരിക്കുന്നത്. 

ഷാഹെദ് ഡ്രോണിന്റെ നിര്‍മാണത്തിന് ഇറാന് വളരെ കുറഞ്ഞ ചിലവു മാത്രമേ വരുന്നുള്ളൂവെങ്കിലും ഇവയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന മിസൈലുകള്‍ക്ക് ഡോളറുകളാണ് അമേരിക്ക ഉപയോഗിക്കുന്നത്. ഒരു ഇറാനിയൻ ഷാഹെദ് ഡ്രോണിന് 20,000 മുതല്‍ 50,000 ഡോളർ ആണ് ചിലവ്. എന്നാൽ ഇവയെ തകർക്കാൻ അമേരിക്ക ഉപയോഗിക്കുന്ന മിസൈലുകൾക്ക് ദശലക്ഷക്കണക്കിന് ഡോളർ വിലവരും. ഇത് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. ഇറാന്റ ഡ്രോണ്‍ ആക്രമണത്തില്‍ ഇതിനോടകം തന്നെ ഏഴ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിക്കഴിഞ്ഞു. അമേരിക്കന്‍ വ്യോമ പ്രതിരോധനിരയെ മറികടക്കുന്നവയാണ് ഇറാന്‍ തന്ത്രങ്ങളെന്ന് യുഎസ് സൈനികര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 

റഷ്യയുമായി നാലുവര്‍ഷം നീണ്ട യുദ്ധത്തിലൂടെ ഷാഹെദ് ഡ്രോണുകളെ നേരിട്ട് വര്‍ഷങ്ങളുടെ പരിചയസമ്പത്താണ് ഇന്ന് യുക്രെയ്നുള്ളത്. കുറഞ്ഞ ചിലവില്‍ ഇത്തരം ഡ്രോണുകളെ വെടിവെച്ചിടാൻ കഴിയുന്ന ‘ഇന്റർസെപ്റ്റർ ഡ്രോണുകൾ’ യുക്രെയ്ന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലടക്കം ഷാഹെദിനെ തടയാനുള്ള ഡ്രോണ്‍ മതില്‍ പദ്ധതിയെക്കുറിച്ച് സെലെന്‍സ്കി സംസാരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്ന് അവഗണിച്ചെങ്കിലും ഇന്ന് ഇറാനിയൻ ഡ്രോണുകളെ നേരിടാൻ അമേരിക്ക ഔദ്യോഗികമായി യുക്രെയ്ന്റെ സഹായം തേടിയിരിക്കുകയാണ്. മാത്രമല്ല ‘മെറോപ്‌സ്' (Merops) എന്ന സ്വയംപ്രതിരോധ സംവിധാനം വിന്യസിക്കാനും അമേരിക്ക പദ്ധതിയിടുന്നതായാണ് സൂചന. 

Ukraine's Warning on Iranian Drones to US seven months before:

Iran's advanced drone technology poses a significant challenge to US military bases in the Gulf, as reported by Malayala Manorama Online News. Ukraine, having faced similar Russian drones derived from Iranian technology, had previously warned the US of the need for specialized countermeasures, a warning that was not fully heeded.