brahmos-pak-ind

ഇന്ത്യയുടെ ബ്രഹ്മോസിനെ അടക്കം പ്രതിരോധിക്കാന്‍ സാധിക്കുന്ന വ്യോമ പ്രതിരോധ സംവിധാനം തേടി പാക്കിസ്ഥാന്‍. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രൈന്‍ ഉപയോഗിക്കുന്ന ജര്‍മന്‍ കമ്പനിയുടെ വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ പാക്കിസ്ഥാന്‍റെ വ്യോമതാവളങ്ങളെ അടക്കം ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമപ്രതിരോധം ശക്തമാക്കാന്‍ പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

നിലവില്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് എച്ച്ക്യു-16, എച്ച്‍ക്യു-9 വ്യോമ പ്രതിരോധ സംവിധാനങ്ങളേക്കാള്‍ മികച്ചവയാണിവ എന്നാണ് വിവരം. ജര്‍മന്‍ കമ്പനിയായ ഡീല്‍ ഡിഫന്‍സ് നിര്‍മിച്ച ഐആര്‍ഐഎസ്–ടി എസ്എല്‍എം സിസ്റ്റം യുക്രൈനില്‍ ഫലപ്രദമായിരുന്നു. കഴിഞ്ഞ മാസം 60 ആക്രമണങ്ങളെ തകര്‍ത്തതായാണ് യുക്രൈന്‍റെ അവകാശ വാദം. 

ബ്രഹ്മോസിന്‍റെ ശേഷിയുളള റഷ്യയുടെ പി-800 ഒനിക്സ് മിസൈലുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇവയ്ക്കായിട്ടുണ്ട്. പത്ത് ബാറ്ററികൾക്കുള്ള കരാറിൽ ഒപ്പുവെച്ച ഈജിപ്തിനായിട്ടായിരുന്നു സംവിധാനം തയ്യാറാക്കിയത്. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് ഇവ യുക്രൈന് കൈമാറുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ജര്‍മന്‍ വ്യോമ പ്രതിരോധ സംവിധാനം യുക്രൈന്‍ ഉപയോഗിക്കുന്നുണ്ട്. 

1990-ൽ അവതരിപ്പിച്ച ഐആര്‍ഐഎസ്–ടി എസ്എല്‍എം ഒരു റഡാറും ഓപ്പറേഷൻ സെന്ററും ഒന്നിലധികം ലോഞ്ചറുകളും ഉള്‍പ്പെടുന്നവയാണ്. ഇതിന്‍റെ ഒരു സമ്പൂര്‍ണ യൂണിറ്റിന് ഏകദേശം 200 മില്യൺ ഡോളറാണ് വില. അതേസമയം സാമ്പത്തികമായി തളര്‍ന്ന പാക്കിസ്ഥാന്‍ എങ്ങനെ ഇവ സ്വന്തമാക്കും എന്നതാണ് ചോദ്യം. ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് 800 മില്യണ്‍ ഡോളറും രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് ഒരു ബില്യണ്‍ ഡോളറുമാണ് കഴിഞ്ഞ മാസങ്ങളില്‍ പാക്കിസ്ഥാന്‍ വായ്പയെടുത്തത്.  

വിദേശ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായം ഭീകരവാദത്തിന് ഉപയോഗിക്കും എന്ന മുന്നറിയിപ്പോടെ പാക്കിസ്ഥാന് വായ്പ നല്‍കുന്നതിനെ ഇന്ത്യ ഐഎംഎഫ് വേദിയില്‍ എതിര്‍ത്തിരുന്നു. അതേസമയം, 2024-25 സാമ്പത്തിക വര്‍ഷത്തെ കടം 23 ലക്ഷം കോടിക്ക് മുകളിലെത്തിയ പാക്കിസ്ഥാന്‍ ഇത്തവണ പ്രതിരോധ ബജറ്റ് 20 ശതമാനം വര്‍ധിപ്പിച്ചു. 2.55 ട്രില്യണ്‍ പാക്ക് രൂപ അഥവാ 9 ബില്യണ്‍ ഡോളറാണ് ഇത്തവണ പ്രതിരോധ മേഖലയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. 

ENGLISH SUMMARY:

After India’s Operation Sindoor targeted Pakistani airbases with BrahMos missiles, Pakistan is reportedly in talks to acquire the German-made IRIS-T SLM air defense system used by Ukraine. Questions arise over how the debt-ridden country will fund the $200M+ defense units amid rising military budgets.