FILE PHOTO: U.S. President Donald Trump and Indian Prime Minister Narendra Modi shake hands as they attend a joint press conference at the White House in Washington, D.C., U.S., February 13, 2025. REUTERS/Kevin Lamarque/File Photo/File Photo

FILE PHOTO: U.S. President Donald Trump and Indian Prime Minister Narendra Modi shake hands as they attend a joint press conference at the White House in Washington, D.C., U.S., February 13, 2025. REUTERS/Kevin Lamarque/File Photo/File Photo

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നിലത്ത് വീണത് 11  വിലയേറിയ യുദ്ധവിമാനങ്ങളെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചത് താനാണെന്നും 200 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്ന ഭീഷണിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തില്‍ നിന്ന് പിന്‍മാറിയതെന്നും ട്രംപ് ആവര്‍ത്തിച്ചു. ബോര്‍ഡ് ഓഫ് പീസിന്‍റെ യോഗത്തിലാണ് ട്രംപിന്‍റെ പുതിയ കണക്ക്. എന്നാല്‍ മേയില്‍ ഉണ്ടായ ഇന്ത്യ–പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുറത്ത് നിന്ന് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ചു. 

ഇന്ത്യ–പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് എണ്‍പതിലേറെത്തവണയാണ് ട്രംപ് ഇതിനകം അവകാശപ്പെട്ടിരിക്കുന്നത്. ഓരോ തവണയും 'വെടിവച്ചിട്ട' യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ മാത്രം മാറ്റമുണ്ടാകും. ഈ മാസം ആദ്യം ട്രംപ് പറഞ്ഞത് 10 യുദ്ധവിമാനങ്ങളാണ് വെടിവച്ചിട്ടതെന്നാണ്. തുടക്കത്തില്‍ അഞ്ച് യുദ്ധവിമാനങ്ങളെന്നായിരുന്നു ട്രംപിന്‍റെ കണക്ക്. ഓഗസ്റ്റില്‍ ഇത് ഏഴായി വര്‍ധിച്ചു. നവംബറെത്തിയപ്പോള്‍ എട്ടും ഈ വര്‍ഷമാദ്യം പത്തും ഇപ്പോള്‍ പതിനൊന്നുമായി ഉയര്‍ന്നിട്ടുണ്ടെന്ന് മാത്രം. 

'പാക് പ്രസിഡന്‍റ് എന്നെ വിളിച്ചു, ഞങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫ് ആ സമയത്തുണ്ടായിരുന്നു..ഇന്ത്യയും ഞങ്ങളുമായുള്ള യുദ്ധം അവസാനിപ്പിച്ചതോടെ 25 മില്യണ്‍ ജീവനുകളാണ് പ്രസിഡന്‍റ് ട്രംപ് രക്ഷിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധം കൊടുമ്പിരി കൊള്ളുകയായിരുന്നു. യുദ്ധവിമാനങ്ങള്‍ നിലത്തുവീണു. അവരിരുവരെയും ഞാന്‍ വിളിച്ചു. എനിക്കവരെ അറിയാമല്ലോ. പ്രധാനമന്ത്രി മോദിയെ എനിക്ക് നന്നായി അറിയാം.. നോക്കൂ ഇത് അവസാനിപ്പിക്കാതെ നിങ്ങള്‍ രണ്ടാളുമായും ഞാന്‍ വ്യാപാരക്കരാറില്‍ എത്താന്‍ പോകുന്നില്ലെന്ന് തീര്‍ത്തു പറഞ്ഞു. യുദ്ധം ചെയ്യാനാണ് ഭാവമെങ്കില്‍ 200 ശതമാനം വീതമാകും ഇറക്കുമതിത്തീരുവ ചുമത്തുന്നത്. അവര്‍ക്ക് യുദ്ധം ചെയ്യണമെന്നായിരുന്നു. പക്ഷേ പണത്തിന്‍റെ കാര്യം വരുമ്പോള്‍ അതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലല്ലോ. സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് ഉറപ്പ് വന്നതോടെ യുദ്ധം വേണ്ടെന്ന് അവര്‍ തീരുമാനിച്ചു. 11 യുദ്ധവിമാനങ്ങളാണ് വെടിവച്ചിട്ടത്..അതും വിലയേറിയ യുദ്ധവിമാനങ്ങള്‍'- എന്നായിരുന്നു ട്രംപിന്‍റെ പ്രസംഗം.

ബോര്‍ഡ് ഓഫ് പീസിന്‍റെ യോഗവും തന്‍റെ പ്രസംഗവുമെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേള്‍ക്കുന്നുണ്ടെന്നും താന്‍ മോദിയുമായി സംസാരിച്ചിരുന്നുവെന്നും മോദി ഇത് കാണുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഇന്ത്യ–പാക് സംഘര്‍ഷം ഒരു ആണവയുദ്ധമായി മാറിയേനെയെന്നും താന്‍ ഇടപെട്ടത് കൊണ്ടുമാത്രമാണ് അത്  ഒഴിവായതെന്നും ട്രംപ് ആവര്‍ത്തിച്ചു. 

കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ഷെല്ലാക്രമണം നടത്തി. തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനിലെ വ്യോമത്താവളങ്ങളിലേക്ക് നിയന്ത്രിത ആക്രമണം നടത്തുകയായിരുന്നു. ഒടുവില്‍ പാക് ചീഫ് ഓഫ് ഡിഫന്‍സ് ഇന്ത്യയെ സമീപിച്ച് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയും വെടിനിര്‍ത്തല്‍ നിലവില്‍ വരികയുമായിരുന്നു. സംഘര്‍ഷം അവസാനിച്ചതില്‍ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

US President Donald Trump has once again claimed credit for de-escalating the India-Pakistan conflict, asserting that 11 expensive fighter jets were shot down during the tensions. Speaking at the Board of Peace meeting, Trump stated that his threat of a 200% import duty forced both nations to retreat from a potential nuclear war. However, India has firmly rejected these claims, maintaining that no Indian aircraft were lost and that the ceasefire was achieved through direct communication without external mediation. Trump’s ever-changing count of downed jets—from five to eleven—has drawn criticism for lack of factual accuracy. While Trump insists that PM Modi and the Pakistani President acknowledged his role in saving millions of lives, India clarifies that the conflict ended after Pakistan sought a ceasefire following India's retaliatory strikes in Pahalgam. This recurring narrative by Trump continues to spark diplomatic debates in February 2026.