narendra-modi-sheik-mohamed-bin-zayed-al-nahyan

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയിലെ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്നും അറിയിച്ചു. ഈ ദുഷ്‌കരമായ സമയങ്ങളിൽ ഇന്ത്യ യുഎഇയുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് അദ്ദേഹത്തോട് നന്ദി പറയുന്നു എന്നും മോദി എക്സില്‍ കുറിച്ചു. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും മോദി ടെലിഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്കുള്ള ആശങ്കകൾ അദ്ദേഹത്തെ അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് അറിയിച്ചെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. 

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ യുഎഇയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടുവെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യൻ പൗരൻ അപകടനില തരണം ചെയ്തിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ നൽകുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി  സോഷ്യൽ മീഡിയയിൽ കുറിച്ചു. 

ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ നയതന്ത്ര ബന്ധം പൂര്‍ണമായും യുഎഇ വിച്ഛേദിച്ചു. ടെഹ്റാനിലെ എംബസിയും അടച്ചുപൂട്ടി. യുഎഇ സ്ഥാനപതിയെയും നയതന്ത്ര ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചുവിളിച്ചു. യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും സമാധാന ശ്രമങ്ങളെ ഇറാൻ തുരങ്കം വയ്ക്കുകയാണെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎഇയുടെ വ്യോമാതിർത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 165 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുവെന്നും അതിൽ 152 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും 13 എണ്ണം കടലിൽ മുങ്ങിയതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ക്രൂയിസ് മിസൈലുകളും 541 ഇറാനിയൻ ഡ്രോണുകളും നശിപ്പിച്ചു, 506 എണ്ണം വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ENGLISH SUMMARY:

Prime Minister Narendra Modi spoke with UAE President Sheikh Mohamed bin Zayed Al Nahyan regarding the West Asia conflict, strongly condemning the attacks on the UAE. India reiterated its solidarity with the UAE and its full support for peace efforts.