കഴിഞ്ഞ വര്‍ഷം ഇന്ത്യ–പാക്ക് സംഘര്‍ഷം അടക്കം എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന വാദം അവകാശവാദത്തില്‍ ഉറച്ച് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. യു.എസ് ഇടപെട്ടില്ലെങ്കില്‍ 3.5 കോടി ജനങ്ങള്‍ മരിച്ചുവീഴുമെന്നാണ് ഷെഹബാസ് ഷരീഫ് പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.
‘നാട്ടിലും വിദേശത്തും അമേരിക്കക്കാരുടെ സുരക്ഷ പുനഃസ്ഥാപിക്കുകയാണ്. ആദ്യ പത്തു മാസത്തിനിടെ എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധം ഉണ്ടാകുമായിരുന്നു. എന്‍റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ 35 മില്യണ്‍ ജനങ്ങള്‍ മരിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി പറഞ്ഞു’, എന്നിങ്ങനെയായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്‍റെ വാക്കുകള്‍. താന്‍ പ്രസിഡന്‍റായിരുന്ന കാലത്തായിരുന്നെങ്കില്‍ റഷ്യ– യുക്രൈന്‍ യുദ്ധം നടക്കില്ലായിരുന്നുവെന്നും ഒന്‍പതാമത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേയ് പത്ത് മുതല്‍ 80 തവണയാണ് ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടത്. യു.എസിന്‍റെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലെത്തി എന്നകാര്യം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ 200 ശതമാനം നികുതി ചുമത്തും എന്ന് ഭീഷണിപ്പെടുത്തിയതായും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ– പാക്ക് സംഘര്‍ഷത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇരു രാജ്യങ്ങളുടെയും ഡയറക്ടറല്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് നേരിട്ട് സംസാരിച്ചാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത് എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.