• 64000 കോടി രൂപയുടെ വമ്പന്‍ പ്രതിരോധ കരാര്‍
  • വിമാനങ്ങള്‍ ഐഎന്‍എസ് വിക്രാന്തിലേക്ക്
  • ഇന്ത്യയുടെ റഫാല്‍ വിമാന ശേഖരം 62 ആയി ഉയരും

പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ നാവികസേനയ്ക്കായുള്ള റഫാല്‍ മറീന്‍ യുദ്ധവിമാന കരാര്‍ ഇന്ന് ഒപ്പിടും. 26 പോര്‍വിമാനങ്ങള്‍ വാങ്ങുന്ന ഫ്രാന്‍സുമായുള്ള 64,000 കോടി രൂപയുടെ വമ്പന്‍ പ്രതിരോധ ഇടപാടാണിത്. ആയുധങ്ങളും സിമുലേറ്ററുകളും സ്പെയര്‍ പാര്‍ട്സുകളുമെല്ലാം ഉള്‍പ്പെടുന്നതാണ് കരാര്‍. കരാറിന് ഈ മാസം ആദ്യമാണ് കാബിനറ്റ് സമിതി അംഗീകാരം നല്‍കിയത്.

ഒറ്റ സീറ്റ് വിമാനം 22 എണ്ണവും ഇരട്ട സീറ്റ് വിമാനം നാലെണ്ണവുമാണ് ഇന്ത്യ വാങ്ങുന്നത്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലാകും വിമാനങ്ങള്‍ ഉപയോഗിക്കുക. 2016ല്‍ വ്യോമസേനയ്ക്കായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങിയിരുന്നു.

കരാര്‍ ഒപ്പിട്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യ റഫാല്‍ മറീന്‍ യുദ്ധവിമാനം ഇന്ത്യയില്‍ എത്തും. നിലവില്‍ അംബാലയിലെയും ഹഷിനാരയിലെയും വ്യോമസേന കേന്ദ്രങ്ങളില്‍ നേരത്തെ വാങ്ങിയ 36 റഫാല്‍ വിമാനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. പുതിയ കരാറോടെ ഇന്ത്യയുടെ റഫാല്‍ ശേഖരം 62 ആയി വര്‍ധിക്കും. രാജ്യത്തിന്‍റെ 4.5 –ാം തലമുറ പോര്‍വിമാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാകുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY:

India to sign a ₹64,000 crore deal with France today to acquire 26 Rafale Marine fighter jets for the Navy amid rising tensions at the Pakistan border. The first aircraft is expected within three years and will operate from INS Vikrant.