ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതില്‍ തനിക്ക് ഇഷ്ടക്കേടുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്കാര്‍ക്ക് സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും താന്‍ ഇത് പ്രോല്‍സാഹിപ്പിക്കില്ലെന്നും ആപ്പിള്‍ സിഇഒ ടിം കുക്കിനോട് പറഞ്ഞുവെന്നാണ് ദോഹയില്‍ നടന്ന ബിസിനസ് പരിപാടിയില്‍ ട്രംപ് വെളിപ്പെടുത്തിയത്. ലോകത്ത് തന്നെ ഏറ്റവുമധികം തീരുവ ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അവിടെ വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ടാണെന്നും ടിം കുക്കിന് മുന്നറിയിപ്പ് നല്‍കിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Image Credit: apple.com
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഈ അവകാശവാദങ്ങളോട് ഒന്നും പ്രതികരിച്ചിട്ടില്ല. 'താരിഫുകളെല്ലാം ഒഴിവാക്കി തരാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ചൈനയില്‍ ആപ്പിള്‍ ഇത്രയും കാലം നിര്‍മാണ യൂണിറ്റ് നടത്തിയത് യുഎസ് സമ്മതിച്ചു. പക്ഷേ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുണ്ടാക്കുന്നതിനോട് യുഎസിന് യോജിപ്പില്ലെ'ന്നും ട്രംപ് ആവര്‍ത്തിച്ചു. യുഎസില്‍ വേണം ആപ്പിള്‍ നിര്‍മാണ യൂണിറ്റ് വിപുലപ്പെടുത്താനെന്നും അമേരിക്കയെ കെട്ടിപ്പടുക്കാനാണ് ടിം കുക്ക് ശ്രമിക്കേണ്ടതെന്നും ട്രംപ് പറയുന്നു.
യുഎസ്– ചൈന തീരുവയുദ്ധം മുറുകിയതോടെയാണ് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ കൂടുതലായി തുടങ്ങാന്‍ ആപ്പിള്‍ തീരുമാനിച്ചത്. യുഎസില്‍ വിറ്റഴിക്കപ്പെട്ട ഐ ഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നും ടിം കുക്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ രണ്ടെണ്ണവും കര്‍ണാടകയില്‍ ഒരെണ്ണവുമെന്നിങ്ങനെ മൂന്ന് നിര്‍മാണ യൂണിറ്റുകളാണ് ആപ്പിളിന് ഇന്ത്യയില്‍ ഉള്ളത്. രണ്ട് യൂണിറ്റുകള്‍ തുടങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയും ചെയ്യുന്നു. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22 ബില്യണ്‍ ഡോളറിന്‍റെ ഐഫോണുകളാണ് ഇന്ത്യയില്‍ മാത്രം അസംബിള്‍ ചെയ്തത്. അതിന് മുന്നിലെ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 60 ശതമാനം കൂടുതലാണിത്.
അതേസമയം, സ്മാര്‍ട്ഫോണ്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ പ്രധാന കേന്ദ്രമായി വളരുകയാണെന്നും ആപ്പിള്‍ അത് തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യയില്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നും വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ ട്രംപിന്‍റെ ഭീഷണി ടിം കുക്ക് വകവയ്ക്കില്ലെന്നും യുഎസിലേക്കുള്ള ഐ ഫോണുകളുടെ നിര്‍മാണം പൂര്‍ണമായും ഇന്ത്യയിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്നുമാണ് ആപ്പിളിലെ തന്നെ ഉന്നതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം പ്രൊജക്ടുമായി മുന്നോട്ട് പോകുമെന്ന് അവര്‍ വെളിപ്പെടുത്തിയതായും പിടിഐ വ്യക്തമാക്കുന്നു. യുഎസിലേക്കുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും ലോകത്തെ മറ്റിടങ്ങളിലേക്കുള്ള ഫോണുകള്‍ ചൈനയിലെ നിര്‍മാണ യൂണിറ്റുകളിലും നിര്‍മിക്കാനാണ് ആപ്പിളിന്‍റെ പദ്ധതി.
500 ബില്യണ്‍ ഡോളറാണ് ആപ്പിള്‍ യുഎസിലെ ഉല്‍പാദനത്തിനായി നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. 76 ദശലക്ഷം ഐ ഫോണുകളാണ് 2024 ല്‍ മാത്രം യുഎസില്‍ വിറ്റഴിഞ്ഞത്. അമേരിക്കയിലെ നിക്ഷേപവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഇത്രയും വലിയ വിതരണ ശൃംഖല കൂടി ആപ്പിള്‍ അടിയന്തരമായി പുനസൃഷ്ടിക്കേണ്ടി വരും. ഇത് ഉല്‍പ്പാദനച്ചെലവ് കോടിക്കണക്കിന് ഡോളറിലേക്ക് കുതിച്ചുയരാന്‍ കാരണമാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.