എയിംസും അതിവേഗ റെയിലും പ്രതീക്ഷിച്ചിരുന്ന കേരളത്തിന് കടലാമ പരിചരണ കേന്ദ്രങ്ങൾ നല്‍കിയ ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ആമയുടെ സംരക്ഷണത്തിനും പരിചരണത്തിനുമപ്പുറം ഈ പ്രഖ്യാപനം കൊണ്ട് നേട്ടം വല്ലതുമുണ്ടോ? പ്രതീക്ഷക്ക് വക നല്‍കുന്ന ചില ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട്.
കടലാമ കാരണം ചെമ്മീന്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി ഈ പദ്ധതി കൊണ്ട് തീരുമോ എന്നതാണ് ചോദ്യം. കടലാമകളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ചെമ്മീൻ ഇറക്കുമതിയിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. സമുദ്രത്തിൽ ചെമ്മീൻ പിടിക്കുന്ന വലിയ വലകളിൽ കുടുങ്ങി കടലാമകൾ കൂട്ടത്തോടെ ചാവുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം.
ചെമ്മീനെ വിഴുങ്ങാൻ വരുമ്പോൾ ട്രോൾ വലകളിൽ കുടുങ്ങി, ശ്വാസം കിട്ടാതാകുന്നതാണു കടലാമകളുടെ ജീവനു ഭീഷണിയാകുന്നത്. ചെമ്മീൻ പിടിക്കുമ്പോൾ ആമകൾക്ക് രക്ഷപ്പെടാൻ സഹായിക്കുന്ന ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസുകൾ (TEDs) ഘടിപ്പിച്ച വലകൾ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ നിന്ന് മാത്രമേ ചെമ്മീൻ വാങ്ങൂ എന്ന് അമേരിക്ക പ്രഖ്യാപിച്ചു. 2019-ൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കാരണം ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 2,500 കോടിയുടെ രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. കേരളത്തിൽ നിന്ന് വൻതോതിൽ കയറ്റുമതി ചെയ്തിരുന്ന ചെമ്മീന്‍ വിപണിയെ ഇത് വലിയ തോതില്‍ ബാധിച്ചിരുന്നു.
കേന്ദ്രബജറ്റിൽ കേരളം, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കടൽതീരങ്ങളിൽ കടലാമകളുടെ സഞ്ചാരപാതകൾ വികസിപ്പിക്കുമെന്ന പ്രഖ്യാപനം ഇത് ചെമ്മീൻ കയറ്റുമതിയിലെ അമേരിക്കൻ ഉപരോധം നീക്കാൻ സഹായിച്ചേക്കാം. ഇതിലൂടെ കടലാമകളുടെ സഞ്ചാരപാതകൾയും പ്രജനന കേന്ദ്രങ്ങളും കൂടുതൽ കൃത്യമായി തിരിച്ചറിയാനാകും, മത്സ്യബന്ധന മേഖലയിൽ ആവശ്യമായ സുരക്ഷാമാർഗങ്ങൾ ശാസ്ത്രീയമായി നടപ്പാക്കാനാകും.
അമേരിക്ക മത്സ്യബന്ധന പ്രവർത്തനങ്ങളിൽ പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങൾ കർശനമായി വിലയിരുത്തുന്ന സാഹചര്യത്തിൽ, കടലാമ സംരക്ഷണത്തിനുള്ള ഈ സമഗ്രമായ നീക്കങ്ങൾ ഉപരോധം പുനഃപരിശോധിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കാനുള്ള സാധ്യതയുണ്ട്.