modi

TOPICS COVERED

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിൽ ധാരണയിലെത്തി. മോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചെന്ന ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ അറിയിപ്പിന് പിന്നാലെയാണ് ട്രംപ് വ്യാപാരക്കരാര്‍ ധാരണയായെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കും. ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ പൂജ്യമായി കുറയ്ക്കുമെന്നും ട്രംപ് കുറിച്ചു. ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, കൽക്കരി തുടങ്ങിയ മേഖലകളിൽ 500 ബില്യൺ ഡോളറിലധികം യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും മോദി സമ്മതമറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനും പകരം യുഎസില്‍ നിന്നും, ഒരുപക്ഷേ വെനസ്വേലയിൽ നിന്നും വാങ്ങാനും മോദി സമ്മതിച്ചെന്നും യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നും ട്രംപ് വ്യക്തമാക്കി. വ്യപാരകരാറിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ അതിയായ സന്തോഷമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അനന്തമായ സാധ്യതകളാണുള്ളതെന്നും യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍ ട്വീറ്റ് ചെയ്തു.

ENGLISH SUMMARY:

US India trade deal reached between President Donald Trump and Prime Minister Narendra Modi. This agreement signifies a reduction in US tariffs on Indian goods and opens new avenues for economic cooperation between the two nations.