യു.എസ്, ബ്രിട്ടീഷ് ഭരണനേതൃത്വങ്ങളെ വെട്ടിലാക്കി വീണ്ടും എപ്സ്റ്റൈന്‍ രേഖകള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ പരാമര്‍ശങ്ങള്‍ക്ക് പുറമെ മുൻ ബ്രിട്ടീഷ് രാജകുമാരന്‍ ആൻഡ്രുവിനെതിരായ ആരോപണങ്ങളും വീണ്ടും ചൂടുപിടിക്കുകയാണ്. ആന്‍ഡ്രു യു.എസ് കോണ്‍ഗ്രസിന് മുന്നില്‍ ചോദ്യം ചെയ്യലിന് വിധേയനാകണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമര്‍ .
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട രേഖകളാണ് വിവാദങ്ങളെ വീണ്ടും ചൂടുപിടിപ്പിച്ചത്. പുറത്തുവന്ന ഇ മെയില്‍ അടക്കം രേഖകളില്‍ നൂറുകണക്കിന് തവണ ഡോണള്‍ഡ് ട്രംപ് പരാമര്‍ശിക്കപ്പെടുന്നുണ്ട്. ചാള്‍സ് രാജാവിന്റെ സഹോദരന്‍ ആന്‍ഡ്രു രാജകുമാരന്‍ സ്ത്രീക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു. പുതിയ രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആൻഡ്രൂ രാജകുമാരൻ യുഎസ് കോൺഗ്രസിനു മുന്നിൽ മൊഴി നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമര്‍ ആവശ്യപ്പെട്ടു. വിവരങ്ങള്‍ രാജകുമാരന്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട സ്ലൊവാക്യൻ ഉന്നത ഉദ്യോഗസ്ഥനും യുഎൻ പൊതുസഭയുടെ മുൻ പ്രസിഡന്റുമായ മിറോസ്ലാവ് ലയ്ചാക്ക് രാജിവച്ചു. രേഖകളില്‍ മുൻ ട്രംപ് ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ, ശതകോടീശ്വരന്മാരായ ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക് എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇനിയും ദശലക്ഷക്കണക്കിന് രേഖകള്‍ പുറത്തുവിടുമെന്ന് യു.എസ് നീതിന്യായവകുപ്പ് വ്യക്തമാക്കി . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ശതകോടീശ്വനായ ജെഫ്രി എപ്സ്റ്റൈൻ 2019 ൽ ജയിലിൽ ജീവനൊടുക്കുകയായിരുന്നു.