world-cup

ലോകകപ്പ് ഫൈനല്‍ മല്‍സരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള ഫൈനല്‍ മല്‍സരം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കഴിഞ്ഞ മാസം തന്നെ വിജയികൾക്ക് ലോകകപ്പ് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ താനും ട്രംപും ഒരുമിച്ച് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോടൊപ്പം ചേർന്ന് ലയണൽ മെസിക്ക് വിജയ ട്രോഫി സമ്മാനിച്ചിരുന്നു.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിച്ച ഈ ലോകകപ്പിൽ ട്രംപ് ഇതുവരെ ഒരു മത്സരവും നേരിട്ട് കാണാൻ എത്തിയിരുന്നില്ല. അതിനാൽ അദ്ദേഹം ഫൈനലിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ചില സംശയങ്ങൾ നിലനിന്നിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ട്രംപ് ടവറിൽ നടക്കുന്ന ഫിഫ സ്വീകരണച്ചടങ്ങിലും ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചിരുന്നു. ഫൈനലിൽ ഏത് ടീമിനെയാണ് ട്രംപ് പിന്തുണയ്ക്കുന്നതെന്ന് ഇതുവരെ സ് വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിന്റെ ആതിഥേയ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റ സാന്നിധ്യത്തിന് വലിയ രാഷ്ട്രീയപ്രാധാന്യവും ഉണ്ട്.

അതേസമയം അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ഫൈനലിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അർജന്റീനയുടെ വിജയവുമായി ബന്ധപ്പെട്ട തന്റെ ചില വിശ്വാസങ്ങളും പതിവുകളും തുടരുന്നതിനായാണ് അദ്ദേഹം തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ENGLISH SUMMARY:

World Cup Final will see Donald Trump in attendance, a confirmation from the White House regarding his presence at the New York-New Jersey stadium for the Spain vs. Argentina match. This marks a significant political presence at the tournament hosted by the United States, Canada, and Mexico.