ഫുട്ബോൾ ലോകകപ്പിൽ പതാക വാഹക സംഘത്തിനൊപ്പം മൈതാനത്തിറങ്ങാൻ അവസരം ലഭിച്ചതിന്‍റെ അഭിമാനത്തിലാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനി അദ്വൈത പ്രദീപ്. ഇഷ്ട ടീമായ അർജന്‍റീനയുടെ ഉൾപ്പെടെ നാല് മത്സരങ്ങളിൽ അദ്വൈത പതാകയേന്തി. യുഎസിൽ ഗവേഷണ വിദ്യാർഥിയാണ് ഇരുപത്തിയാറുകാരി അദ്വൈത.
അൾജീരിയയ്ക്കെതിരായ അർജന്‍റീനയുടെ ആദ്യ മത്സരത്തിൽ കാൻസസ് സ്റ്റേഡിയത്തിലെ പതാക വാഹകസംഘത്തിൽ അദ്വൈതയും അംഗമായിരുന്നു. അന്നായിരുന്നു അദ്വൈതയുടെ ജന്മദിനവും. ഇതിഹാസ താരം മെസിയെ ആദ്യമായി വിളിപ്പാടകലെ കണ്ടു, നോക്കി പുഞ്ചിരിച്ചു. അതു പിറന്നാൾ ദിനത്തിലെ അമൂല്യ സമ്മാനമായി. യുഎസിലെ കാൻസസ് സ്‌റ്റേറ്റ് സർവകലാശാലയിൽ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ഗവേഷണ വിദ്യാർഥിയാണ് അദ്വൈത. ലോകകപ്പ് വേദി തീരുമാനിക്കപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ വർഷം തന്നെ വൊളന്‍റിയറാകാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ മത്സരങ്ങൾക്കു മുൻപുള്ള പതാക വാഹക സംഘത്തിൽ അംഗമാകാൻ അവസരം ലഭിക്കുമെന്ന് അപ്പോഴും പ്രതീക്ഷിച്ചിരുന്നില്ല.
ഇഷ്‌ട താരമായ മെസിയെ മാത്രമല്ല മറ്റ് ഇതിഹാസ താരങ്ങളെയും നേരിൽ കാണാൻ അവസരം ലഭിച്ചു. ഒറ്റപ്പാലം ലക്ഷ്മി നാരായണ വിദ്യാനികേതൻ പ്രിൻസിപ്പൽ എൻ.പ്രദീപിന്റെയും ശ്രീലേഖയുടെയും ഏക മകളാണ് അദ്വൈത.