കിരീടപ്പോരാട്ടത്തിന് ന്യൂയോർക്ക് ഒരുങ്ങി. ഫൈനൽ കാണാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമെത്തും. അതേസമയം കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ലോകകപ്പ് ഫൈനലിന് ഭീഷണിയാകുമോയെന്ന ആശങ്കയുമുണ്ട്.
ന്യൂയോർക്ക് ന്യൂജഴ്സി സ്റ്റേഡിയം വേദിയാകുന്ന സ്പെയിന്‍ – അർജന്‍റീന ലോകകപ്പ് ഫൈനല്‍ കാണാന്‍ 82,500ൽ അധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 7,380 ഡോളർ മുതൽ 29,995 ഡോളർ വരെയാണ് ടിക്കറ്റ് വില. കൂടാതെ, 50,000 പേർ മൻഹാറ്റനിലെ സെൻട്രൽ പാർക്കിൽ മത്സരം കാണുമെന്നും പ്രതീക്ഷിക്കുന്നു.
ഫൈനലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമുണ്ടാകും. കിരീടം കൈമാറുന്നതും ട്രംപായിരിക്കും. ഇന്ന് ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിൽ ഫിഫ ഒരുക്കുന്ന വിരുന്നിലും യുഎസ് പ്രസിഡന്‍റ് പങ്കെടുക്കും. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക വടക്കുകിഴക്കൻ യുഎസിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ചതോടെ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എന്നാൽ, വാരാന്ത്യത്തിൽ പ്രതീക്ഷിക്കുന്ന ശീതക്കാറ്റ് ലോകകപ്പ് ഫൈനലിന് മുൻപായി ഈ അപകടകരമായ പുകമഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.