Infantino-fifa

ഫിഫ പ്രസിഡന്‍റ്  ജിയാനി ഇന്‍ഫന്‍റീനോയെ നിശിതമായി വിമര്‍ശിക്കുന്ന തുറന്ന കത്തുമായി ഫുട്ബോള്‍ സംഘടനകള്‍. ഇന്‍ഫന്‍റിനോ വിശ്വാസം തകര്‍ത്തെന്ന് യുവേഫ, കോണ്‍കകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ആരോപിച്ചു. പ്രസിഡന്‍റിനെതിരെ ഗൂഢനീക്കമെന്ന് ഫിഫ കൗണ്‍സില്‍ യോഗത്തിന്‍റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് തുറന്ന കത്ത്.

ഫിഫയുടെ  നേതൃത്വം ആരുടെയും സ്വകാര്യ സ്വത്തല്ല. അധികാരം കൈവശം വയ്ക്കുന്നതോ, അത് നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നതോ അല്ല നേതൃത്വം. ഫുട്ബോൾ കുടുംബം വിശ്വാസത്തോടെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തമാണത്. ആ വിശ്വാസമാണ് തകര്‍ന്നതെന്ന് യുവേഫ, കോൺകകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ഒപ്പുവെച്ച കത്തിൽ പറയുന്നു. 

ഫിഫയെയും ഇൻഫാന്റിനോയെയും തകർക്കുന്നതിന് സംഘടിത ശ്രമം ഉണ്ടെന്ന് ഫിഫ പുറത്തിറക്കിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തുറന്ന കത്ത്. ബുധനാഴ്ച മൊറോക്കോയിലെ റബാത്തിൽ മാനേജ്മെന്‍റ്  ബോർഡ് അംഗങ്ങളുടെ യോഗം വിളിച്ചു ചേർത്തതിന് പിന്നാലെയാണ് ഫിഫ പ്രസ്താവന പുറത്തിറക്കിയത്. യോഗത്തിൽ ഫിഫ കൗൺസിൽ അംഗങ്ങളെയും അംഗ അസോസിയേഷനുകളെയും ഒഴിവാക്കി, മുതിർന്ന ഉദ്യോഗസ്ഥരെ മാത്രമാണ് ഇൻഫാന്റിനോ വിളിച്ചുചേർത്തതെന്ന് മൂന്ന് കോൺഫെഡറേഷനുകളും ചൂണ്ടിക്കാട്ടി. 

ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്‍റുകളുടെ വാണിജ്യ – ടിക്കറ്റിങ് അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫിഫ ഫോർവേഡ് എന്‍റർപ്രൈസ് എന്ന പുതിയൊരു കമ്പനി രൂപീകരിക്കുക എന്ന നിർദേശം തന്നെ അടിസ്ഥാനപരമായി തെറ്റായിരുന്നുവെന്ന് കത്തില്‍ പറയുന്നു. FFE പദ്ധതിയുടെ നടപടി ക്രമത്തിൽ പിഴവുകൾ സംഭവിച്ചതായി ഫിഫ സമ്മതിച്ചാല്‍ മാത്രം മതിയാകില്ലെന്നും  കത്തിൽ വ്യക്തമാക്കി. 

ലോക കപ്പിന്‍റെ അവകാശത്തിൽ ഒരു പങ്ക് വിൽക്കാൻ ശ്രമിച്ചത് ഗുരുതരമായ പിഴവായിരുന്നുവെന്ന് അംഗീകരിക്കുന്നില്ല. ഉപേക്ഷിച്ച FFE പദ്ധതിയുടെ ഒരു രേഖയും  നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യരുതെന്ന് യുവേഫ നൽകിയ മുന്നറിയിപ്പും കത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:

FIFA President Gianni Infantino faces severe criticism from football organizations like UEFA, CONCACAF, and the AFC in an open letter accusing him of breaking trust. This situation arises after a FIFA Council meeting statement alleging a conspiracy against the president, highlighting concerns over leadership and past proposals.