donald-trump-modi-tariff

ഇന്ത്യയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിച്ചതായും പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ഇക്കാര്യം പുറത്തുവിട്ടത്. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കും.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ പ്രധാനമന്ത്രി മോദി സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചു. ഇതിന് പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന താരിഫുകൾ 'പൂജ്യം' ശതമാനത്തിലേക്ക് എത്തിക്കാൻ ഇന്ത്യ ധാരണയായി. ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ സമ്മതിച്ചു. 'ബൈ അമേരിക്കൻ' (Buy American) നയത്തിന് ഇന്ത്യ പൂർണ്ണ പിന്തുണ നൽകും.

പ്രധാനമന്ത്രി മോദിയോടുള്ള ആദരവും സൗഹൃദവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ഈ ഇളവുകൾ നൽകുന്നതെന്ന് ട്രംപ് വ്യക്തമാക്കി. "ഞങ്ങൾ രണ്ടുപേരും കാര്യങ്ങൾ നടപ്പിലാക്കാൻ കഴിവുള്ളവരാണ്" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണ വിവരം ആദ്യം പുറത്തുവിട്ടത്.

ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിൽ അദ്ദേഹം നന്ദി അറിയിച്ചു. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് ലോകത്തിന് ഗുണകരമാകുമെന്ന് എക്സ് (X) പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

The US and India have reached a significant trade agreement, resolving disputes and agreeing on new terms. This deal will see US tariffs on Indian products reduced to 18%, while India will eliminate tariffs on American goods, boosting energy, technology, and agriculture sectors.