സമുദ്രങ്ങള്‍ക്കടിയില്‍ക്കൂടി കടന്നുപോകുന്ന ഇന്‍റര്‍നെറ്റ്, വൈദ്യുതി കേബിളുകള്‍ മുറിക്കാൻ കഴിവുള്ള ഉപകരണം വികസിപ്പിച്ച് ചൈന. ചൈന ഷിപ്പ് സയന്റിഫിക് റിസർച്ച് സെന്ററും (CSSRC) സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഡീപ്-സീ മാനെഡ് വെഹിക്കിൾസും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ ഉപകരണം ചൈനയുടെ അന്തര്‍വാഹിനികളുമായി സംയോജിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ആഗോള ഡാറ്റാ ട്രാൻസ്മിഷന്റെ 95 ശതമാനവും വഹിക്കുന്നതും പല രാജ്യങ്ങളുടെയും നിർണായകമായ സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതും സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ഇത്തരം കേബിളുകളാണ്. അതുകൊണ്ടുതന്നെ അപകടകരമായ ആധുനിക ഉപകരണമായാണ് ലോകരാജ്യങ്ങള്‍ ചൈനയുടെ ഈ സംവിധാനത്തെ നോക്കിക്കാണുന്നത്.ഇതാദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു സാങ്കേതികവിദ്യ കൈവശം വച്ചിരിക്കുന്നതായി ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
ആഴക്കടൽ കേബിൾ കട്ടിംഗ് സാങ്കേതികവിദ്യയുടെ സവിശേഷതകള്‍
പുതിയ ഉപകരണത്തിന് 4,000 മീറ്റർ (13,123 അടി) വരെ ആഴത്തിൽ കേബിളുകൾ മുറിക്കാൻ കഴിയും. കടലിനടിയില്‍ ഇത്തരം കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്ന പരമാവധി ആഴത്തിന്‍റെ ഇരട്ടിയാണിത്. അതായത് ചൈനയുടെ നീക്കത്തെ ഭയന്ന് നിലവിലെ ആഴം കൂട്ടിയാലും രക്ഷയില്ലെന്ന് സാരം.
മുന്‍പ് ഉപയോഗിച്ചിരുന്ന സാധാരണ കേബിളുകള്‍ മുറിക്കുന്ന സംവിധാനത്തിന് പുതിയ സ്റ്റീല്‍ റെയിന്‍ഫോഴ്സ്ഡ് കേബിളുകള്‍ മുറിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഏത് തരം കേബിളുകളെയും നശിപ്പിക്കാവുന്ന തരത്തിലാണ് ചൈനയുടെ പുതിയ സംവിധാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ചൈനീസ് സംഘം, 1,600 rpm-ൽ കറങ്ങുന്ന വജ്രത്തിന്‍റെ കോട്ടിങ്ങോടുകൂടിയ 150 mm (ആറ് ഇഞ്ച്) ഗ്രൈൻഡിംഗ് വീലാണ് വികസിപ്പിച്ചെടുത്തത്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് (SCMP) പ്രകാരം ഫെബ്രുവരി 24 ന് ചൈനീസ് ഭാഷാ ജേണലായ മെക്കാനിക്കൽ എഞ്ചിനീയറിൽ പ്രസിദ്ധീകരിച്ച പിയർ-റിവ്യൂഡ് പേപ്പറിലാണ് ഈ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു കിലോവാട്ട് മോട്ടോറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. എന്നിരുന്നാലും, അത്തരം ആഴങ്ങളിൽ ദീർഘനേരം ഉപയോഗിക്കുന്നത് അമിതമായി ചൂടാകുന്നതിന് കാരണമായേക്കാം.
4,000 മീറ്റര്‍ ആഴത്തിലെ തീവ്രമായ ജലമർദ്ദമാകും മെഷീന് താങ്ങേണ്ടിവരിക. ഈ അവസരത്തില്‍ പൊട്ടിത്തെറി തടയാന്‍ പ്രത്യേക സീലുകൾ ഉപയോഗിച്ച് ടൈറ്റാനിയം അലോയ് ഷെല്ലിലാണ് ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. ജലസമ്മർദ്ദം 400 atmല്‍ കൂടുതലാകുന്ന സങ്കീര്‍ണമായ സാഹചര്യത്തിലും ഉപകരണത്തിന്‍റെ റോബോട്ടിക്ക് കൈകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. സമുദ്രത്തിനടിയിലെ കൂരിരുട്ടില്‍ നൂതന പൊസിഷനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപകരണം പ്രവര്‍ത്തിക്കുക.
സൈനിക ആവശ്യങ്ങള്‍ക്കായി ഈ കേബിള്‍ കട്ടിങ് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താം?
തന്ത്രപരമായ സബ് സീ കേബിളുകൾ തടസ്സപ്പെടുത്താനുള്ള കഴിവാണ് മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്തുന്നത്. തോക്ക്, മിസൈലുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിട്ട് ആക്രമണം നടത്താതെ തന്നെ ശത്രുവിനെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം നീക്കങ്ങളെ ഗ്രേ സോണ് യുദ്ധതന്ത്രം എന്നാണ് അറിയപ്പെടുന്നത്. ചൈനയുടെ ഈ നീക്കത്തില്‍ റഷ്യയ്ക്കും പങ്കുണ്ടോ എന്ന സംശയവും ലോകരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. യുഎസ് ഇന്തോ-പസഫിക് ഏരിയയിലെ തന്ത്രപ്രധാന കേന്ദ്രമായ ഗുവാമിനടുത്തുള്ള കടലിനടിയിലെ കേബിളുകളെ ലക്ഷ്യം വയ്ക്കുന്നതാണ് ഏറ്റവും ആശങ്കാജനകമായ ഒരു സാഹചര്യം . ഗൂഗിൾ ഉൾപ്പെടെയുള്ള സൈനിക, സിവിലിയൻ ക്ലയന്റുകൾക്ക് സേവനം നൽകുന്ന ഒരു ഡസനിലധികം ഫൈബർ-ഒപ്റ്റിക് കേബിളുകൾ ഗുവാമിൽ ഉണ്ട്.
ഇവ ഉള്‍പ്പെടെയുള്ള കേബിളുകളെ വേർപെടുത്താനുള്ള കഴിവ് പ്രതിസന്ധി ഘട്ടത്തിൽ ആഗോള ആശയവിനിമയത്തെയും സൈനിക രംഗത്തെയും സാരമായി ബാധിക്കും.2023 മുതൽ തന്നെ ബാൾട്ടിക് കടലിൽ അണ്ടർവാട്ടർ കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ച 11 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേകിച്ച് തായ്‌വാനിൽ ചൈനയെ സംശയനിഴലിലാക്കുന്ന തരത്തില്‍ കേബിൾ അട്ടിമറിയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് . 2025 ഫെബ്രുവരിയിൽ, കടലിനടിയിലെ ഒരു ടെലികോം കേബിൾ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന്, ചൈനീസ് തൊഴിലാളികൾ സഞ്ചരിച്ച ടോഗോ പതാകയുള്ള ഒരു ചരക്ക് കപ്പലായ ഹോംഗ് തായ് 58, തായ്‌വാൻ അധികൃതർ പിടിച്ചെടുത്തതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു .ഈ വർഷം ഇതിനോടകം തന്നെ തായ്‌വാൻ സർക്കാർ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 2023 ലും 2024 ലും ഇത് മൂന്ന് ആയിരുന്നു. സമുദ്രത്തിനടിയിലെ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങള്‍ വർദ്ധിച്ചുവരുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Read More: 'കൂടെ നടക്കാന്‍ റോബോട്ടുകള്‍'; കാലം വിദൂരമല്ലെന്ന് ഓപ്പണ്‍എഐ സിഇഒ
ഇത്തരം പരീക്ഷണങ്ങളില്‍ എന്തുകൊണ്ട് ചൈനയ്ക്ക് താല്‍പര്യം?
ജീവനക്കാരുള്ളതും ഇല്ലാത്തതുമായ അന്തര്‍വാഹിനികളുടെ വലിയൊരു ശേഖരം ചൈനയ്ക്കുണ്ട്. അതുകൊണ്ടുതന്നെ കടലിനടിയിലെ പ്രവർത്തനങ്ങളിൽ ഒരു പ്രബല ശക്തിയായി ചൈന നിലയുറപ്പിച്ചു കഴിഞ്ഞു.
കടലിന് 2000 മീറ്റര്‍ ആഴത്തില്‍ കഴിഞ്ഞ മാസം ആഴക്കടല്‍ റിസെര്‍ച്ച് സെന്‍ററിന്‍റെ നിര്‍മാണവും ചൈന ആരംഭിച്ചിരുന്നു. ചൈന ഇത്തരത്തില്‍ നവീനമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനിടെ യുഎസിന് അടിപതറുകയാണ്. ചൈനയുടെ നൂതനസാങ്കേതികവിദ്യകളെ നേരിടാനുള്ള ശേഷി യുഎസിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നാണ് ആഗോളതലത്തിലെ വിലയിരുത്തല്‍.