സ്പ്രിങ് ഫെസ്റ്റിഫലിനെ വരവേല്‍ക്കാനൊരുങ്ങി ചൈന. ഫെബ്രുവരി 17ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ കാണാനും ആസ്വദിക്കാനും ലോകമെമ്പാട് നിന്നും നിരവധി പേരാണ് ചൈനയിലേക്ക് എത്തുന്നത്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ചൈന സന്ദര്‍ശിക്കുന്ന സമയം കൂടിയാണ് സ്പ്രിങ് ഫെസ്റ്റവല്‍.
പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടിപാടികള്‍ക്കാണ് ഇനി ലോകം സാക്ഷിയാകാന്‍ പോകുന്നത്. ചൈനീസ് വിശ്വാസപ്രകാരമുളള പുതുവര്‍ഷാഘോഷമാണ് സ്പ്രിങ് ഫെസ്റ്റിവല്‍. നാടെങ്ങും ചുവപ്പ് നിറത്തില്‍ നീരാടുന്ന 15 ദിവസങ്ങള്‍. ചുവന്ന നിറത്തിലുളള തോരണങ്ങളും വിളക്കുകളും മറ്റ് അലങ്കാരങ്ങളും കൊണ്ട് രാജ്യത്തിന്‍റെ മുക്കും മൂലയും വരെ ചുവപ്പണിയും. കേവലമൊരു ഉല്‍സവം മാത്രമല്ല ചൈനക്കാര്‍ക്ക് സ്പ്രിങ് ഫെസ്റ്റിവല്‍. സ്നേഹത്തിന്‍റെയും കുടുംബങ്ങളുടെ ഒത്തുചേരലുകളുടെയെല്ലാം ആഘോഷക്കാലം കൂടിയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ പോലും സ്വന്തം നാട്ടിലേക്ക് തിരികെയെത്തി കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ദിനങ്ങള്‍ കൂടിയാണിത്. ചൈനീസ് ചാന്ദ്ര കലണ്ടർ അനുസരിച്ച് ശൈത്യകാലത്തിന്റെ അവസാനവും വസന്തകാലത്തിന്റെ തുടക്കവും കുറിക്കുന്ന ഈ ഉത്സവം, ചൈനയുടെ സംസ്കാരവും പൈത്യകവും തുറന്നുകാട്ടുന്ന ഒന്നുകൂടിയാണ്.
ചൈനീസ് പുതുവർഷം നിരവധി പുരാണകഥകളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ടതാണ്. ഈ ഉത്സവം പാരമ്പര്യമായി ദേവന്മാരെയും പൂർവ്വികരെയും ആദരിക്കുന്നതിനായുള്ള ഒരു പ്രധാന അവസരമായും കണക്കാക്കുന്നു. ചൈനീസ് വിശ്വാസപ്രകാരം 2026 അഥവാ ഈ ലൂണാര്‍ ന്യൂ ഇയര്‍ കുതിരയുടെ വര്‍ഷമാണ്. കരുത്ത്, സ്വാതന്ത്രം, മുന്നേറ്റം, ധൈര്യം എന്നിവയുടെയെല്ലാം ചിഹ്നമായാണ് കുതിരയെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2025, പാമ്പിന്‍റെ വര്‍ഷമായിരുന്നു. ചൈനീസ് ജ്യോതിശാസ്ത്രപരമായി 12 മൃഗങ്ങളാണ് ഒരോ വര്‍ഷത്തെയും സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം അതായത് 2027, ആടിന്‍റെ വര്‍ഷമാണ്. ഇത്തരത്തില്‍ രസകരമായ വിശ്വാസങ്ങളും സ്പ്രിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് കിടക്കുന്നു.
പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയും പരമ്പരാഗത നൃത്തം ചെയ്യുകയും താങ്കസ് ഗിവിങ്ങിന് സമാനമായ അത്താഴമൊരുക്കലുമൊക്കെയായി 15 നാള്‍ ആഘോഷരാവുകളാണ്. ചുവന്ന കവറുകളിലാണ് സമ്മാനമായി പരസ്പരം പണം കൈമാറുന്നത്. ചുവന്ന ലാന്‍റേണുകള്‍ പറത്തുന്നതും രുചികരമായ വിഭവങ്ങള്‍ ഒരുക്കുന്നതുമെല്ലാം സ്പ്രിങ് ഫെസ്റ്റിവലിന്‍റെ ഭാഗമാണ്. ചൈന സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം കൂടിയാണിത്. പോയ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് സഞ്ചാരികളെയാണ് ചൈന ഇത്തവണ പ്രതീക്ഷിക്കുന്നത്.