ആരെ ആത്മാര്‍ത്ഥമായിട്ട് സപ്പോര്‍ട്ട് ചെയ്താലും അവരെല്ലാം എട്ടുനിലയില്‍ പൊട്ടുന്നു. ആരെയോ കുത്തി പറയുന്നതുപോലെ തോന്നുന്നുണ്ടോ? പേടിക്കണ്ട, നിങ്ങളെകുറിച്ചല്ല, ഐ ഷോ സ്പീഡ് എന്ന വ്ലോഗറെ കുറിച്ചാണ്. താന്‍ പിന്തുണച്ചവരെല്ലാം പുറത്തായതോടെ കക്ഷി യാമലിന് മുന്നില്‍ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ്.
ഫിഫയുടെ പ്രത്യേക അതിഥിയായാണ് ഐ ഷോ സ്പീഡ് എന്ന വ്ലോഗര്‍ ലോകകപ്പിന് എത്തിയത്. തല്‍സമയ മല്‍സരങ്ങള്‍ക്കിടെ യുട്യൂബ് ലൈവും ചെയ്യാറുണ്ട്. പക്ഷേ, വ്ലോഗര്‍ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ തോറ്റുപോകുന്നതാണ് പതിവ്. ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ടാണ് വീണത്. കടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകനായ വ്ലോഗര്‍ സ്പാനിഷ് സൂപ്പര്‍ താരം ലമീന്‍ യമാലിനോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ്. എങ്ങനെയെങ്കിലും ലോകകപ്പ് ജയിച്ച് തന്നെ രക്ഷിക്കണമെന്നാണ് ആവശ്യം. മെസി ഒരിക്കല്‍ കൂടി ലോകകപ്പ് എടുക്കുന്നത് തനിക്ക് കാണാനാകില്ലെന്നും വ്ലോഗര്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ ഇഷ്ടപ്പെടുന്ന ടീമുകളുടെ ജഴ്സി അണിഞ്ഞാണ് ഐ ഷോ സ്പീഡ് ഓരോ മല്‍സരത്തിനും എത്തുന്നത്. ഇദ്ദേഹം, പോര്‍ച്ചുഗലിനെ പിന്തുണച്ചെത്തിയപ്പോള്‍ പ്രീക്വാര്‍ട്ടറില്‍ ടീം തോറ്റിരുന്നു. സ്പീഡ് ശാപം എന്ന പേരില്‍ ട്രോളുകളും വ്ലോഗര്‍ക്കെതിരെ ഉയര്‍ന്നു. പിന്നാലെ തനിക്ക് ഇഷ്ടമല്ലാത്ത അര്‍ജന്റീനയെ പിന്തുണച്ചെത്തിയപ്പോള്‍ അവര്‍ ജയിക്കുകയും ചെയ്തു. പക്ഷേ, ആ പിന്തുണ കള്ളമാണെന്ന് അര്‍ജന്റീന ഗോളടിക്കുമ്പോഴുള്ള സ്പീഡിന്റെ നിരാശയില്‍ വ്യക്തമായിരുന്നു. തന്റെ ഇഷ്ടതാരം ലോകകപ്പിന് പുറത്താകുകയും അതേസമയം, എതിരാളിയായ മെസി രണ്ടാം ലോകകപ്പിന്റെ പടിവാതിലില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ സ്പീഡിന് യമാലിനോട് ചോദിക്കാന്‍ മറ്റൊന്നുമില്ല,, കപ്പ് മുഖ്യം യമാലേ..